തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം പ്രതിമാസം ആറ് ദിവസം വീതം അഞ്ച് മാസത്തേക്ക് പിടിക്കുന്നതിന് സർക്കാർ ഉത്തരവിറങ്ങി. പിടിക്കുന്ന ശമ്പളം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ തിരികെ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും,ഉത്തരവിൽ
അക്കാര്യം പറയുന്നില്ല..
ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തെ അലവൻസ് ഉൾപ്പെടെയുള്ള ശമ്പളമാണ് പിടിക്കുക. സംസ്ഥാന സർക്കാർ ജീവനക്കാർ, എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും, സർവകലാശാലകൾ ഉൾപ്പെടെയുള്ള ഗ്രാൻഡ് ഇൻ എയിഡ‌് സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ , സ്റ്റാറ്റ്റ്റ്യൂട്ടറി സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, കമ്മിഷനുകൾ എന്നിവയിലെ ജീവനക്കാർ എന്നിവരുടെ ശമ്പളം പിടിക്കും. എന്നാൽ പാർട് ടൈം ജീവനക്കാർ, ദിവസ വേതനക്കാർ, കാഷ്വൽ , കരാർ ജീവനക്കാർ ,സ്വീപ്പർമാർ തുടങ്ങി ഗ്രോസ് സാലറി 20,000 രൂപ വരെയുള്ളവരുടെ ശമ്പളം പിടിക്കില്ല. സർക്കാരിൽ നിന്ന് നേരിട്ട് ശമ്പളം വാങ്ങാത്തവരുടെ ഓണറേറിയം, അലവൻസ് തുടങ്ങിയവ അതാത് ട്രഷറികളിൽ പലിശയില്ലാത്ത സേവിംഗ് അക്കൗണ്ട് തുടങ്ങി അതിലേക്ക് മാറ്റണം .
മന്ത്രിമാർ, എം.എൽ.എമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കമ്മിഷൻ അംഗങ്ങൾ തുടങ്ങിയവരുടെ ഒരു വർഷത്തെ വേതനത്തിന്റെ 30 ശതമാനം പിടിക്കും. സസ്പെൻഡ് ചെയ്യപ്പെട്ട് ഉപജീവനബത്തയിൽ കഴിയുന്നുവരുടെ ശമ്പളം ഇപ്പോൾ പിടിക്കില്ല. സസ്പെൻഷൻ കാലാവധി കഴിഞ്ഞാൽ തിരിച്ചുപിടിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം വാഗ്ദാനം നൽകിയവർക്ക് ഈ ഉത്തരവ് ബാധകമല്ല.