തിരുവനന്തപുരം : കൊവിഡ് വ്യാപനത്തെത്തുടർന്ന് ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾ നേരിടുന്ന ഗുരുതരപ്രശ്നങ്ങളിൽ അടിയന്തര ഇടപെടലാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശ കാര്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
പ്രവാസി മലയാളി സംഘടനകളായ ഒ.ഐ.സി.സി, ഇൻകാസ് എന്നിവയുടെ 48 പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഉയർന്നുവന്ന പരാതികളുൾപ്പെടുത്തിയാണ് കത്തയച്ചത്.
ലോക്ക് ഡൗണിനെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ഗർഭിണികളെയും കുട്ടികളെയും പ്രായം ചെന്നവരെയും എത്രയും വേഗം നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തണം.
ഗൾഫ് എംബസികളിൽ അടിയന്തരമായി ഹെൽപ്പ് ഡെസ്‌ക് വേണം. കുവൈറ്റിൽ മൂന്നര ലക്ഷം മലയാളികളുള്ള അബ്ബാസിയാ നഗരത്തിൽ ഇന്ത്യൻ എംബസിയുടെ അടച്ച് പൂട്ടിയ സഹായകേന്ദ്രം ഉടൻ തുറക്കണം. വിസിറ്റിംഗ് വിസയിലെത്തിയവരെ എത്രയും വേഗം നാട്ടിലെത്തിക്കണം. വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ വൻ തുക ഈടാക്കുന്നത് തടയണം. ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് ഒഴിവാക്കണം. വിമാന സർവ്വീസുകൾ പുനരാരംഭിച്ചാൽ ഗൾഫ് പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം. ദമാമിൽ മരിച്ച ആറ് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അടിയന്തരനടപടി വേണം.
നാട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നുകൾ വിസിറ്റിംഗ് വിസയിലുള്ളവർക്ക്
കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവ എത്തിക്കാൻ കാർഗോവിമാനങ്ങളടക്കമുള്ള സജ്ജീകരണങ്ങളൊരുക്കണം. ജോലി അനിശ്ചിതത്വത്തിലായവർക്ക് അടിയന്തര പുനരധിവാസ പാക്കേജ് സംസ്ഥാനമൊരുക്കണം. ഗൾഫ് മേഖലയിലെ നോർക്ക ഹെൽപ്പ് ഡെസ്‌കുകൾ അടിയന്തരമായി കാര്യക്ഷമമാക്കണം. സി.ബി.എസ്.ഇ, പ്ലസ്ടു പരീക്ഷകളെഴുതിയ കുട്ടികൾക്ക് നാട്ടിലെത്തി പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശനപരീക്ഷകൾക്ക് തയാറെടുക്കാൻ കഴിയുന്നവിധം സമയം നീട്ടി നൽകണം. ജോലിയില്ലാത്ത ദിവസവേതനക്കാരെയും ബാർബർമാരെയും ഹോട്ടൽ തൊഴിലാളികളെയും എത്രയും വേഗം നാട്ടിലെത്തിക്കണം. നാട്ടിൽ പ്രൊഫഷണൽ സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന പ്രവാസികളുടെ മക്കൾക്ക് അടിയന്തര ഫീസിളവ് വേണം. പ്രവാസികൾക്കായി സംസ്ഥാന സർക്കാർ മെഡിക്കൽ എയ്ഡ് സെൽ ഉണ്ടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.