തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കോൺഗ്രസ് നേതാക്കൾ രാജ്ഭവന് മുന്നിൽ ധർണ നടത്തും.
പല രാജ്യങ്ങളും പൗരന്മാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസ് നടത്തിയിരുന്നു.ഇതിനായി ഗവർണർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ടാണ് ധർണ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും .കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി തുടങ്ങിയവർ വിവിധ സമയങ്ങളിൽ അഭിസംബോധന ചെയ്യും. സാമൂഹ്യ അകലം പാലിച്ച് അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരിനാഥൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരും ധർണയിൽ പങ്കെടുക്കും. പ്രവർത്തകർക്ക് വീഡിയോ കോൺഫറൻസ് വഴി അഭിവാദ്യമർപ്പിക്കാം.