കൊവിഡ് ഭീഷണി ഒഴിഞ്ഞെന്ന ആശ്വാസത്തിൽ കോട്ടയം, ഇടുക്കി ജില്ലകൾക്ക് രണ്ടുദിവസമേ കഴിയാനായുള്ളൂ. അപ്പോഴേക്കും സ്ഥിതി മാറി. ഈ രണ്ടു ജില്ലകളും ഇപ്പോൾ രോഗതീവ്രത താരതമ്യേന കുറവായ ഓറഞ്ച് മേഖലയിലേക്കു മാറിയിരിക്കുകയാണ്. രോഗമുക്തമായെന്ന നിഗമനത്തിൽ കോട്ടയത്തും ഇടുക്കിയിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വരുത്തിയിരുന്നു. 'സ്വാതന്ത്ര്യം" ലഭിച്ചതുപോലെ ഇളവുകൾ ജനങ്ങൾ അമിതമായി ആഘോഷവുമാക്കി. അപ്പോഴാണ് രോഗം വീണ്ടും കടന്നെത്തിയതും നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചതും.
കൊവിഡിന്റെ സമൂഹവ്യാപനത്തിൽ നിന്ന് സംസ്ഥാനം ഇപ്പോഴും മുക്തമാണെന്ന ആശ്വാസമുണ്ടെങ്കിലും ഏതു സമയത്തും സ്ഥിതി മാറിക്കൂടെന്നില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇപ്പോഴുള്ള കരുതലും ജാഗ്രതയും അണുവിട വിടാതെ തുടരേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാണിക്കുന്നു. പൗരസമൂഹം ഒന്നടങ്കം പതിന്മടങ്ങ് ഉത്തരവാദിത്വബോധം കാണിച്ചാലേ പൂർണ രോഗമുക്തി എന്ന ആശ്വാസതീരത്ത് അടുക്കാനാകൂ. നിർഭാഗ്യവശാൽ ജനങ്ങളിൽ കുറച്ചുപേരെങ്കിലും ഇപ്പോഴും നിയന്ത്രണങ്ങൾ പൊട്ടിച്ചെറിഞ്ഞ് പരക്കം പായുന്ന പ്രവണതയിലാണ്. തങ്ങളുടെ ഈ പ്രവൃത്തി സമൂഹത്തിനും സംസ്ഥാനത്തിനും സൃഷ്ടിച്ചേക്കാവുന്ന രോഗഭീഷണിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവർ ആലോചിക്കുന്നുപോലുമില്ല. സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘിച്ചതിന്റെ പേരിൽ വ്യാഴാഴ്ച 4654 പേരാണ് അറസ്റ്റിലായത്. 4428 പേർക്കെതിരെ കേസെടുത്തു. 3105 വാഹനങ്ങളും പിടിച്ചെടുത്തു. പരിശോധനയ്ക്കായി നിരത്തുകളിൽ കാവൽ നിൽക്കുന്ന പൊലീസിന്റെ നേരെ മുമ്പിൽ വന്നുപെട്ട നിയമലംഘനങ്ങളാണിവയെന്ന് ഓർക്കണം. പൊലീസിന്റെ കണ്ണിൽ പെടാതെ പോയ ലംഘനങ്ങൾ ഇതിന്റെ എത്രയോ മടങ്ങു വരും. അയൽ സംസ്ഥാനങ്ങളിലേക്കു മാത്രമല്ല അന്തർ ജില്ലാ യാത്രകൾക്കു പോലും കർക്കശ വിലക്കുണ്ട്. വിലക്കു ലംഘിക്കാൻ മുതിരുന്നവരുടെ കൂട്ടത്തിൽ സാധാരണക്കാർ മാത്രമല്ല വിദ്യാഭ്യാസവും വിവരവുമുള്ളവർ പോലുമുണ്ട്. എക്സൈസിന്റെ വാഹനത്തിൽ സംസ്ഥാനം വിടാൻ ഒരുങ്ങിയ അദ്ധ്യാപികയുടെ സാഹസിക ശ്രമം മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് അതിർത്തികളിലെ ഊടുവഴികളിലൂടെ കേരളത്തിലേക്കു ഒളിച്ചുകടക്കുന്നതിനിടയിൽ എത്രയോ പേർ പിടിയിലായി. ചരക്കുവണ്ടികളിൽ ഒളിച്ചുകടക്കാൻ ശ്രമിക്കുന്നവരുണ്ട്. വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവൃത്തികൾ ഇന്നത്തെ സാഹചര്യത്തിൽ എത്രമാത്രം രോഗവ്യാപന സാദ്ധ്യതയുള്ളതാണെന്ന് അവർ അറിയുന്നില്ല. ജനങ്ങളിൽ നിന്നുണ്ടാകുന്ന ഇത്തരം കരുതലില്ലാത്ത നടപടികളാണ് രോഗ നിയന്ത്രണ യത്നങ്ങൾക്കു വലിയ ഭീഷണിയായി മാറുന്നത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കർക്കശമായിത്തന്നെ നേരിട്ടില്ലെങ്കിൽ നിയമലംഘനത്തിന് അത് കൂടുതൽ പ്രേരണയാകും. രോഗമുക്തി നീണ്ടുപോകുന്നതിനനുസരിച്ച് നിയന്ത്രണ കാലവും നീട്ടേണ്ടിവരും. ഇപ്പോൾത്തന്നെ അടച്ചിരുപ്പ് എത്രമാത്രം ക്ളേശകരവും അസൗകര്യവുമാണെന്ന് എല്ലാവരും മനസിലാക്കിക്കഴിഞ്ഞു. എന്നിട്ടും നിയന്ത്രണങ്ങൾ ലംഘിക്കാൻ ആളുകൾ കാണിക്കുന്ന ഉത്സാഹത്തിനു പിന്നിലെ മനശ്ശാസ്ത്രം മനസിലാവുന്നില്ല. ലോക്ക് ഡൗൺ മൂലം ആളുകൾക്കുണ്ടാകുന്ന വ്യക്തിനിഷ്ഠമായ അസൗകര്യങ്ങൾ നാണയത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. മറുവശത്ത് അടച്ചിടൽ മൂലം സംസ്ഥാനത്തിനും രാജ്യത്തിനും നേരിടുന്ന ഭീമമായ ഉത്പാദന നഷ്ടവും പരിഗണിക്കേണ്ടതുണ്ട്. സർവ മേഖലകളും നിശ്ചലമായതോടെ സർക്കാരുകളുടെ വരുമാനമാണ് പാടേ നിലച്ചുപോയത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാതെ സംസ്ഥാന സർക്കാർ വിഷമിക്കുകയാണ്. കൂലിവേലക്കാർക്കു തൊഴിലില്ലാതായതോടെ അവരെ ആശ്രയിക്കുന്നവർ ദുരിതത്തിലായി. ഇതുപോലെ സർവ മേഖലകൾക്കും കഷ്ടപ്പാടിന്റെയും യാതനയുടെയും കഥയേ പറയാനുള്ളൂ. മഹാമാരി ശമിച്ചാലും സമ്പദ് രംഗം പുഷ്ടിപ്പെടാൻ എത്രനാൾ വേണ്ടിവരുമെന്നു പറയാനാവില്ല. മാസങ്ങളോ വർഷങ്ങളോ തന്നെ വേണ്ടിവന്നേക്കും. സർക്കാരുകളുടെ മുമ്പിൽ ഇപ്പോൾ ഇതൊന്നുമല്ല ജീവത്തായ പ്രശ്നം. മഹാമാരിയുടെ പൂർണ ശമനമെന്ന ഏക ലക്ഷ്യമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുമ്പിലുള്ളത്. അതിനുവേണ്ടിയുള്ള മഹായുദ്ധമാണ് രാജ്യത്തെവിടെയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പൗരസമൂഹത്തിന്റെ അശ്രദ്ധയും ജാഗ്രതക്കുറവുമാണ് നിയന്ത്രണങ്ങൾക്കു വഴങ്ങാതെ രോഗം ഇപ്പോഴും പത്തിവിടർത്തിയാടാൻ കാരണം. രോഗവ്യാപനത്തിന്റെ ഗൗരവത്തെക്കുറിച്ച് സർക്കാരുകളും ആരോഗ്യരംഗത്തെ വിദഗ്ദ്ധന്മാരും ഇടതടവില്ലാതെ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുന്നതിനിടയിലും അതൊക്കെ അവഗണിക്കാൻ ജനങ്ങളിൽ ഒരു ചെറു വിഭാഗം ശ്രമിക്കുന്നത് എന്തു കഷ്ടമാണ്. പറഞ്ഞാൽ അനുസരിക്കാത്തവരെ നിയമം കൊണ്ടു നേരിടുകയേ വഴിയുള്ളൂ. ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവരെ നിയമലംഘകരായിത്തന്നെ കാണണം.
സംസ്ഥാനത്തെ പൊലീസ് സേന ഒന്നാകെ കൊവിഡ് പ്രതിരോധ രംഗത്താണ്. വിശ്രമമില്ലാതെ അവർ നിരത്തുകളിൽ കാവൽ നിൽക്കുന്നത് തങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണെന്ന തികഞ്ഞ ബോധം ജനങ്ങൾക്കുണ്ടാകണം. അത്തരമൊരു ബോധമുണ്ടെങ്കിൽ അനാവശ്യമായി പുറത്തിറങ്ങി വിലസാൻ ആരും തയ്യാറാകില്ല. അത്യാവശ്യ കാര്യങ്ങൾക്ക് ചിലപ്പോൾ പുറത്തിറങ്ങേണ്ടിവരും. പൊലീസ് പിടികൂടി കേസെടുക്കുന്ന സംഭവങ്ങൾ പരിശോധിച്ചാൽ പലർക്കും ബോധിപ്പിക്കാൻ മതിയായ കാരണങ്ങൾ പോലുമുണ്ടാവില്ലെന്നതാണു സത്യം.
മഹാമാരിയുടെ വിഷമേഘം ഒഴിഞ്ഞ് ചക്രവാളം വീണ്ടും ശുഭ്രസുന്ദരമായി കാണാൻ എല്ലാവർക്കും അതിയായ ആഗ്രഹമുണ്ട്. കുത്തുപാളയെടുപ്പിച്ച കൊവിഡ് മടങ്ങിവരാത്തവിധം തുടച്ചുമാറ്റണമെങ്കിൽ ഇപ്പോഴത്തെ
കരുതലും ജാഗ്രതയും ഇനിയും കടുപ്പിക്കേണ്ടതുണ്ടെന്നാണ് വിവിധ ജില്ലകളിൽ നിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യപൂർണമായ ഭാവി പൗരസമൂഹത്തിന്റെ കരുതലിനെ ആശ്രയിച്ചാണിരിക്കുന്നത്.