arnab-goswamy

ന്യൂഡൽഹി: ടി.വി ഷോയ്ക്കിടെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിൽ നിന്ന് റിപ്പബ്ലിക് ടെലിവിഷൻചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി മൂന്നാഴ്ചത്തെ സംരക്ഷണം നൽകി. മൂന്നാഴ്ച ബലംപ്രയോഗിച്ചുള്ള നടപടികളൊന്നും എടുക്കരുതെന്നാണ് ഉത്തരവ്.

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ നിന്നാണ് കോടതി പരിരക്ഷ നൽകിയിരിക്കുന്നത്. വിചാരണ കോടതികളിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ മുൻകൂർജാമ്യം എടുക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.

അർണബിനും റിപ്പബ്ലിക് ടി.വിക്കും സുരക്ഷയൊരുക്കാനും മുംബയ് പൊലീസിന് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണവുമായി അർണബ് നിർബന്ധമായും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ നാഗ്പൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും മുംബയിലേക്ക് മാറ്റിയതുമായ എഫ്.ഐ.ആറിൽ കോടതി സംരക്ഷണം നൽകിയിട്ടില്ല.