high-court

എറണാകുളം: സ്പ്രിൻക്ലർ കരാർ തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കടുത്ത ഉപാധികളോടെ കരാറിന് അനുമതി നൽകി. വ്യക്തികൾ അറിയാതെയും അവരുടെ സമ്മതമില്ലാതെയും വിവരങ്ങൾ ശേഖരിക്കരുതെന്ന് സർക്കാരിനോട് നിർദ്ദേശിച്ച കോടതി സർക്കാർ ലോഗോ ഉപയോഗിക്കരുതെന്ന് സ്‌പ്രിൻക്ലറിനോട് ആവശ്യപ്പെട്ടു. വാണിജ്യ ആവശ്യങ്ങൾക്കായി ഡേറ്റ ഉപയോഗിക്കരുതെന്നും കമ്പനിയോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സ്പ്രിൻക്ലർ ഒരു പരസ്യവും നൽകരുതെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. മൂന്നാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

കൊവിഡ് പ്രതിരോധത്തെ ബാധിക്കുന്ന ഇടപെടൽ കോടതിയിൽ നിന്നുണ്ടാകില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റൊരു സാഹചര്യമായിരുന്നെങ്കിൽ ഇടപെടാമായിരുന്നുവെന്നും പറഞ്ഞു. സന്തുലിതമായ നിലപാട് മാത്രമെ ഇപ്പോൾ സ്വീകരിക്കാനാവൂവെന്നും കോടതി അറിയിച്ചു. സർക്കാരെടുത്ത പല നിലപാടുകളോടും യോജിക്കാനാകില്ല. കരാറിൽ സന്തുഷ്ടിയില്ല. സ്‌പ്രിൻക്ലറിന് നൽകുന്ന പേര്,മേൽവിലാസം, ഫോൺനമ്പർ എന്നിവ രഹസ്യമായി സൂക്ഷിക്കണമെന്നും ആധാർ വിവരങ്ങൾ സ്പ്രിൻക്ലറിന് നൽകരുതെന്നും കോടതി വ്യക്തമാക്കി.

സ്പ്രിൻക്ലറെ കൂടാതെ ഡേറ്റ ശേഖരണം നടക്കില്ലെന്നാണ് സർക്കാർ പറഞ്ഞത്.അതുകൊണ്ട് മാത്രം കോടതി ഇപ്പോൾ ഇടപെടുന്നില്ല. എല്ലാ വ്യക്തിവിവരങ്ങളും രഹസ്യമാക്കാമെന്ന് സർക്കാർ സമ്മതിച്ചു. സ്പ്രിൻക്ളറുടെ കാലാവധിക്ക് ശേഷം കേന്ദ്രത്തെ സമീപിക്കാമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.കൊവിഡ് ഡാറ്റ മറ്റാർക്കും കൈമാറരുതെന്ന് സ്പ്രിൻക്ലറിനും കോടതി നിർദ്ദേശം നൽകി.വിശകലനത്തിന് ശേഷം സ്പ്രിൻക്ലർ പ്രൈമറി ഡേറ്റയും സെക്കൻഡറി ഡേറ്റയും സർക്കാരിന് തിരികെ കൈമാറണമെന്നും സ്പ്രിൻക്ലറിനോട് നിർദ്ദേശിച്ചു. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റു വകുപ്പുകളെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വ്യക്തികളുടെ സമ്മതപത്രം ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി.സമ്മതപത്രം വച്ചാൽ ആളുകൾ ഒപ്പിടാൻ മടിയ്ക്കുമെന്നും സർക്കാരിനെതിരെ വ്യാപക പ്രചാരണം നടക്കുെമന്നും അറിയിച്ചെങ്കിലും സർക്കാർ വാദത്തിന് കോടതി ചെവി കൊടുത്തില്ല. സ്പ്രിൻക്ലറിനെക്കാൾ മികച്ച സേവനം നൽകാമെന്ന കേന്ദ്രസർക്കാർ വാദം കോടതി രേഖപ്പെടുത്തി.