kit

തിരുവനന്തപുരം: റേഷൻ കടകളിൽ എത്തിക്കേണ്ട സൗജന്യ കിറ്റുകൾ പാർട്ടി ഒാഫീസുകളിൽ സൂക്ഷിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചു. ഏത് സാഹചര്യത്തിലായാലും പാർട്ടി ഓഫീസിൽ കിറ്റുകൾ സൂക്ഷിച്ചത് അംഗീകരിക്കാനാകാത്ത കാര്യമാണ്. സ്ഥലപരിമിതി ഉണ്ടെങ്കിൽ സ്‌കൂളുകളിലോ ഓഡിറ്റോറിയങ്ങളിലോ കിറ്റുകൾ സൂക്ഷിക്കണമെന്നാണ് നിർദ്ദേശം നൽകിയത്. ഏത് സാഹചര്യത്തിലാണ് കിറ്റുകൾ പാർട്ടി ഓഫീസിൽ എത്തിയതെന്ന് അന്വേഷിക്കും-മന്ത്രി പറഞ്ഞു.
വൈക്കത്തും ചങ്ങനാശേരിയിലും സൗജന്യപലവ്യഞ്ജനകിറ്റുകൾ പാർട്ടി ഓഫീസുകളിൽ സൂക്ഷിച്ചത് വിവാദമായിരുന്നു. വൈക്കത്ത് സി.പി.ഐ ലോക്കൽ കമ്മറ്റി ഓഫീസിലും ചങ്ങനാശ്ശേരി മാടപ്പള്ളയിൽ സി.പി.എം ഓഫീസിലുമാണ് കിറ്റുകൾ സൂക്ഷിച്ചത്. നാട്ടുകാരും ചില രാഷ്ട്രീയ പ്രവർത്തകരും വിവാദവുമായി രംഗത്തെത്തിയതോടെ കിറ്റുകൾ പാർട്ടി ഓഫീസുകളിൽ നിന്ന് മാറ്റുകയായിരുന്നു.