കേപ്ടൗൺ: സാമ്പത്തിക രംഗത്തെ തകർച്ചയെ മുൻ നിറുത്തി മേയ് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ അറിയിച്ചു. അതേസമയം, ഇളവുകൾക്കൊപ്പം തന്നെ കൊവിഡ് നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ വീടിനുള്ളിൽ തുടരണം, പൊതു പരിപാടികളോ കൂട്ടംകൂടലോ അനുവദിക്കില്ല. രാജ്യത്തിന്റെ അതിർത്തികളും അടഞ്ഞു തന്നെ കിടക്കും. മേയ് ഒന്ന് മുതൽ വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും ഉപാധികളോടെ തുറക്കും. മൂന്നിലൊന്ന് ജീവനക്കാർ മാത്രമേ ഇവിടെ എത്താൻ പാടുള്ളു.
സ്കൂളുകളിൽ ചില ക്ലാസുകളും നിയന്ത്രണങ്ങളോടെ തുടങ്ങാൻ ആലോചിക്കുന്നുണ്ട്. കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയ രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. രാജ്യത്തെ സുരക്ഷാസേനയാണ് നിയന്ത്രണങ്ങൾ നടപ്പാക്കാനായി ഏറെ പണിപ്പെട്ടത്. വിലക്കുകൾ ലംഘിച്ച് ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഇവർക്ക് തലവേദനയായിരുന്നു. മേയ് മുതൽ വീടിനുള്ളിൽ കഴിയുന്നവർക്ക് വ്യായാമത്തിനായും നടക്കാനായും വീടിന് പുറത്തേക്കിറങ്ങാൻ അനുവാദം നൽകിയേക്കും. ഒരു മാസമായി ലോക്ക്ഡൗണിൽ തുടരുന്ന ദക്ഷിണാഫ്രിക്കയിൽ കൊവിഡ് വ്യാപന തോത് കുറയ്ക്കാനായെന്ന് പ്രസിഡന്റ് റമഫോസ പറഞ്ഞു.
എന്നാൽ ജനങ്ങൾക്ക് ജോലിക്ക് പോയി പണം സമ്പാദിച്ചാൽ മാത്രമേ മുന്നോട്ട് പോകാനാകുവെന്നും അതുകൊണ്ട് ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തുന്നത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് 27 മുതൽ ആരോഗ്യ പ്രവർത്തകർ, ജേർണലിസ്റ്റുകൾ, ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ, വ്യാപാരികൾ തുടങ്ങി അവശ്യസേവന മേഖലകളിലുള്ളവർക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുവാദം നൽകിയിരുന്നത്. അവശ്യവസ്തുക്കൾ വില്ക്കുന്ന കടകളിൽ ജീവനക്കാരുടെ എണ്ണം മിതപ്പെടത്തിയിരുന്നു.
നിയന്ത്രണങ്ങളുെടെ ഭാഗമായി ജനങ്ങൾക്ക് വ്യായാമത്തിനായോ വളർത്തുമൃഗങ്ങളുമായി നടക്കാനോ പുറത്തിറങ്ങാൻ അനുവാദമില്ല. സിഗററ്റ്, ആൽക്കഹോൾ എന്നിവയുടെ വില്പനയും നിരോധിച്ചിരിക്കുകയാണ്. അത്യാവശ്യത്തിനല്ലാതെ വീടിനു പുറത്തിറങ്ങുന്നവർക്കും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കും ജയിൽ വാസമോ കടുത്ത പിഴയോ ആണ് ശിക്ഷ.
അതേ സമയം, ഇളവുകൾ നൽകുമ്പോൾ വീണ്ടും രാജ്യത്ത് രോഗവ്യാപനത്തിന്റെ തോത് ഉയരുമെന്ന ഭീഷണി നിലനില്ക്കുന്നതായി റമഫോസ ഓർമിപ്പിച്ചു. നിലവിൽ പല നഗരങ്ങളിലും പുതിയ കേസുകളുടെ എണ്ണം കൂടാനുള്ള സാദ്ധ്യത നിലനില്ക്കുന്നുണ്ട്. ധനകാര്യ മേഖല, കൃഷി എന്നിവയ്ക്ക് അടുത്തമാസം മുതൽ ഇളവുണ്ട്. ഖനികളുടെ പ്രവർത്തനം ഭാഗികമായി തുടങ്ങിയേക്കും.
സൂപ്പർമാർക്കറ്റുകളിലും മറ്റും സ്റ്റോക്ക് കൂട്ടാനും അനുവദിച്ചേക്കും. വിമാന സർവീസ് നടക്കില്ല. എന്നാൽ പ്രവിശ്യകൾക്കുള്ളിൽ ബസ്, കാർ, ടാക്സി എന്നിവ ഓടാൻ അനുവദിച്ചേക്കും. പത്ത് പേരിൽ താഴെ ഉള്ളവരുടെ ചെറിയ ഒത്തുകൂടൽ അനുവദിക്കും. രാജ്യത്തെ ബാറുകളും മദ്യ വില്പനയും പുനരാരംഭിക്കില്ലെന്നാണ് വിവരം. ദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ജനങ്ങൾക്കാണ് നിയന്ത്രണങ്ങളെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ വരുമാനം നിലച്ചിരിക്കുന്നത്. ഇത് രാജ്യത്ത് വൻ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. 3,953 പേർക്കാണ് ദക്ഷിണാഫ്രിക്കയിൽ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. 75 പേരാണ് രാജ്യത്ത് ഇതേവരെ മരിച്ചത്.