കോട്ടയം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എം.ജി. സർവകലാശാലയുടെ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷകൾ മെയ് 18 മുതൽ പുനരാരംഭിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക.
മെയ് 18, 19 തീയതികളിൽ യഥാക്രമം ആറ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകൾ പുനരാരംഭിക്കും. മെയ് 25 മുതൽ അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ നടക്കും. ആറ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 25, 28 മുതൽ അതത് കോളേജുകളിൽ നടക്കും.നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകൾ മെയ് 25-ന് ആരംഭിക്കും. പി.ജി. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിനാണ് തുടങ്ങുന്നത്.
യു.ജി.സി രണ്ടാംസെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാമത്തെ ആഴ്ചമുതൽ നടക്കും. രണ്ടാംസെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും. പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. ജൂൺ ഒന്നു മുതൽ ഒമ്പത് കേന്ദ്രത്തിലായി ഹോം വാല്യുവേഷൻ രീതിയിൽ ഒരാഴ്ച കൊണ്ട് മൂല്യനിർണയം പൂർത്തീകരിക്കാനാണ് തീരുമാനം.