കാട്ടാക്കട:വേനൽമഴയിൽ ഉണ്ടായ ഇടിമിന്നലിൽ വീടുകൾക്ക് നാശം. കാട്ടാക്കട ചെമ്പനാകോട് തലക്കോണം കൃഷ്ണൻകുട്ടിയുടെവീടായ കുമാർ ഭവനിലാണ് ശക്തമായ കാറ്റിനും മഴയിലും ഇടിമിന്നലേറ്റത്. ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന കൃഷ്ണൻകുട്ടി ഭാര്യ ലളിത മകൻ രതീഷ് കുമാർ, മരുമകൾ ആറു മാസം പ്രായമായ കുഞ്ഞ് എന്നിവർക്ക് നേരിയ തോതിൽ മിന്നലേറ്റെങ്കിലും പരിക്കുകളില്ല. അതേ സമയം വീട്ടിലെ വയറിംഗ് കത്തിനശിക്കുകയും വീടിന്റെ ചുമരുകളിൽ വിള്ളൽവീഴുകയും ചെയ്തു.

കാട്ടാക്കട, പൂവച്ചൽ, കള്ളിക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണും. ശക്തമായ കാറ്റിൽ നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. കാട്ടാക്കട ഫയർഫോഴ്സ് ലീഡിങ് ഫയർമാൻ പദ്മകുമാറിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി. കണ്ടല അഴകം പൂവൻവിള പുത്തൻവീട്ടിൽ ഞാനദാസിന്റെ അറുനൂറോളം കുലച്ച ഏത്തവാഴകളും നശിച്ചു. അരുൺ നിവാസിൽ മോഹനന്റെ നൂറോളം വാഴയും നശിച്ചു. ഇറയംകൊട് ഏലായിൽ ബിന്ദുഭവനിൽ വീടിന്റെ മേൽക്കൂരയും കാറ്റിൽ തകർന്നു വീണു.