തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച ആദ്യ ഉത്തരവിലെ ആശയക്കുഴപ്പങ്ങൾ മറികടക്കാൻ കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ ഉത്തരവിലും അവ്യക്തതകളേറെ. സംസ്ഥാനത്തെ സാഹചര്യം നോക്കി ഇളവനുവദിക്കാവുന്ന മേഖലകൾ ക്രോഡീകരിച്ച് പൊതുഭരണ സെക്രട്ടറി ഈ മാസം 11ന് നൽകിയ നിർദ്ദേശങ്ങളിൽ പലതും പുതിയ ഉത്തരവിലില്ല. വർക്ക് ഷോപ്പുകൾ, കണ്ണടക്കടകൾ, എ.സി കടകൾ എന്നിവയ്ക്ക് അനുവദിച്ച ഇളവുകളൊന്നും പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല.
കണ്ണടക്കടകളും ഫ്രിഡ്ജ് റിപ്പയറിംഗ് കടകളും തിങ്കളാഴ്ചകളിലും മൊബൈൽ, കമ്പ്യൂട്ടർ സർവീസ് കേന്ദ്രങ്ങൾ ഞായറും വർക്ക് ഷോപ്പുകൾ വ്യാഴവും ഞായറും തുറക്കാനായിരുന്നു അനുമതി. പുതിയ ഉത്തരവിൽ ഇത് ഉൾപ്പെടുത്താത്തതോടെ ഇവയുടെയെല്ലാം കാര്യം ആശയക്കുഴപ്പത്തിലായി.ഒറ്റ അക്ക നമ്പർ വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അനുവദിക്കുമെന്നാണ് ഉത്തരവിൽ. ഞായറാഴ്ചയ്ക്ക് ഇത് ബാധകമല്ലെന്നാണ് പരിഷ്കരിച്ച ഉത്തരവിൽ പറയുന്നത്.എന്നാൽഞായറാഴ്ച വാഹനങ്ങൾ ഓടാമെന്നാണോ, അതോ പൂർണ വിലക്ക് എന്നാണോ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. നാല് ചക്രവാഹനങ്ങളിൽ പിറകിൽ രണ്ട് പേരെയും ഇരുചക്രവാഹനത്തിൽ പിറകിലൊരാളെയും കയറ്റാനനുവദിച്ച ആദ്യ ഉത്തരവിലെ നിർദ്ദേശം തിരുത്തിയെങ്കിലും ഇപ്പോൾ കേന്ദ്രം സമ്മതിച്ചതിനാൽ വീണ്ടും ഉൾപ്പെടുത്തി.
വ്യക്തത വരേണ്ട മറ്റു കാര്യങ്ങൾ
ബാർബർ ഷോപ്പുകൾ ശനി, ഞായർ ദിവസങ്ങളിൽ തുറക്കാൻ ആദ്യ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നെങ്കിലും കേന്ദ്രം വിലക്കിയതിനാൽ പുതിയ ഉത്തരവിൽ ഒഴിവാക്കി. ബാർബർമാർക്ക് വീടുകളിൽ പോയി മുടി വെട്ടാമെന്ന് ചീഫ്സെക്രട്ടറി വാക്കാൽ പറഞ്ഞതാണെങ്കിലും പുതിയ ഉത്തരവിൽ പറയുന്നില്ല.
നിർമ്മാണ് മേഖലയ്ക്ക് അനുവദിച്ച ഇളവുകളുടെ കൂട്ടത്തിൽ തടിവ്യവസായത്തെ ഉൾപ്പെടുത്തിയില്ലെന്ന ആക്ഷേപമുണ്ട്. നിർമാണ മേഖലയ്ക്ക് തടിയും ആവശ്യമാണ്. അതേസമയം ക്വാറി, ഖനന മേഖലകൾക്കും ഇളവുകളുണ്ട്.