തിരുവനന്തപുരം: സർക്കാർ നീട്ടിനൽകിയ സമയത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരണത്തിന് തിരിച്ചടി. നിർമ്മാണ മേഖലയ്ക്ക് സർക്കാർ നൽകി ഇളവ് വൻകിട നിർമ്മാണമായ വിഴിഞ്ഞത്തിൻ്റെ കാര്യത്തിലുണ്ടായില്ല.ഇതോടെ, നിർമ്മാണപ്രവർത്തനങ്ങളെല്ലാം നിലച്ചു വ്യക്തത തേടി മുഖ്യമന്ത്രിക്കും പോർട്ട് സെക്രട്ടറിക്കും കളക്ടർക്കും കോർപ്പറേഷനും കത്ത് നൽകി ഒരാഴ്ചയായിട്ടും മറുപടി ലഭിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് അധികൃതർ 'കേരളകൗമുദി'യോട് പറഞ്ഞു.
വിഴിഞ്ഞം തുറമുഖം ഉൾപ്പെടുന്ന തിരുവനന്തപുരം കോർപ്പറേഷൻ മേഖല കൊവിഡ് ഹോട്ട് സ്പോട്ടാണ്. പുലിമുട്ടിനായി ഇട്ട കല്ലുകൾ കടൽക്ഷോഭത്തിൽ ഇളകിപ്പോയി.നിർമ്മാണം നിലച്ചതിനാൽ പുലിമുട്ട് സംരക്ഷിക്കുന്നതിന് വലിയ പാറകളും അക്രോപാഡുകളും കടലിൽ നിക്ഷേപിക്കാനാകാത്ത സ്ഥിതിയാണ്. 700 മീറ്റർ നീളത്തിലാണ് കല്ലിട്ടിട്ടത്. 3.1 കിലോമീറ്ററാണ് ആകെ നീളം. കടൽക്ഷോഭം തുടരുന്നത് പുലിമുട്ടിന് ഭീഷണിയാണ്.
മൺസൂൺ കാലത്ത് നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവയ്ക്കേണ്ടി വരുന്നതിനാൽ ഇപ്പോഴത്തെ ജോലികൾ നിർണായകമാണ്. തൊഴിലാളികൾ പദ്ധതിപ്രദേശത്തെ ക്യാമ്പുകളിലാണ്.ബാർജുകളും ഡ്രഡ്ജറുകളുമടക്കമുള്ള യന്ത്രസാമഗ്രികളും സജ്ജം. നിർമ്മാണാനുമതി ലഭിച്ചാൽ ജോലികൾ തുടങ്ങാൻ പ്രയാസമുണ്ടാകില്ല. ക്വാറികൾക്ക് സർക്കാർ പ്രവർത്തനാനുമതി നൽകിയതോടെ പാറകളും വന്നു തുടങ്ങും.
കാലാവധി
അഞ്ചു മാസം കൂടി
കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാകേണ്ട ആദ്യഘട്ട നിർമ്മാണത്തിന് പാറ കിട്ടുന്നില്ലെന്ന് ബോദ്ധ്യമായതിനാൽ ഒമ്പതു മാസം കൂടി സർക്കാർ നീട്ടിനൽകിയിരുന്നു. ഇതിൽ ആദ്യ മൂന്നു മാസം പ്രവർത്തനം വീഴ്ചയില്ലാതെ നടന്നു. പിഴ ഈടാക്കാതിരിക്കാൻ തുർന്നുള്ള ആറു മാസം വീഴ്ച വരുത്താതെ നിർമ്മാണം നടക്കണമെന്നാണ് കരാർ. ലോക്ക് ഡൗണിൽ നഷ്ടപ്പെട്ട ദിവസങ്ങൾ കണക്കിലെടുത്ത് കാലാവധി ഇനിയും നീട്ടി നൽകുമോയെന്നതിൽ സർക്കാർ തീരുമാനമെടുക്കണം.ഏപ്രിലോടെ നിർമ്മാണം വേഗത്തിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും, സർക്കാർ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും അദാനി ഗ്രൂപ്പ് അധികൃതർ പറഞ്ഞു..
ഒന്നാംഘട്ടം
നിർമ്മാണം
തുറമുഖ റോഡ്, ഓഫീസ്, കണ്ടെയ്നർ കാർഡ്, ആധുനിക മത്സ്യബന്ധന തുറമുഖം, ടെർമിനൽ, സേനാവിഭാഗങ്ങൾക്കുള്ള സജ്ജീകരണങ്ങൾ
'വിഴിഞ്ഞത്ത് നിർമ്മാണം പുനരാരംഭിക്കാനുള്ള ചർച്ചകൾ നടക്കുന്നു. ലോക്ക് ഡൗൺ കാരണമാണ് തീരുമാനം വൈകുന്നത്'.
- ജയകുമാർ,
വിസിൽ സി.ഇ.ഒ