house

വെഞ്ഞാറമൂട്: പത്മകുമാരി അമ്മയ്ക്ക് ഇനി മാനത്ത് മഴ കണ്ടാൽ പേടിക്കണ്ട. അടച്ചുറപ്പുള്ളൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. വള്ളിക്കാട് ചരുവിള പുത്തൻവീട്ടിൽ 75 വയസുള്ള പത്മകുമാരി അമ്മയാണ് ഒറ്റയ്ക്ക് ഭാഗികമായി തകർന്ന വീടിനുള്ളിൽ കഴിഞ്ഞിരുന്നത്. ഭർത്താവ് പ്രഭാകരൻ പിള്ള മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. മക്കളില്ല. കുറച്ച് പൂച്ചകൾ മാത്രമാണ് കൂട്ട്. 15 സെന്റ് വസ്തുവുണ്ട്.

പഞ്ചായത്തിൽ രണ്ടു തവണ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ വാർഡ് മെമ്പർ മുഖേന നൽകി. എന്നാൽ രേഖകൾ പൂർണമല്ലാത്തതിനാൽ അപേക്ഷകൾ പരിഗണിച്ചില്ല.

യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് വീട്ടിൽ തന്നെ കഴിയുകയാണ് ഈ വൃദ്ധ. നേരത്തെ ഭക്ഷണം പാചകം ചെയ്തു കഴിക്കുമായിരുന്നു. അവശ നിലയിലായ ശേഷം അയൽവാസികൾ റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടു കൊടുക്കുകയും ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ കാരുണ്യത്തിലാണ് ഇപ്പോൾ ഇവരുടെ ജീവിതം. ഇതെല്ലാം ചൂണ്ടി കാട്ടി കേരള കൗമുദി കഴിഞ്ഞ ദിവസം പത്മകുമാരി അമ്മയ്ക്കും വേണം അടച്ചുറപ്പുള്ളൊരു വീട് " എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പത്മകുമാരി അമ്മയ്ക്ക് വീട് പുനർ നിർമ്മിച്ച് നൽകാൻ തയ്യാറാകുകയായിരുന്നു. സർക്കാരിൽ നിന്ന് വീട് ലഭിക്കുന്നത് വരെയുള്ള ആശ്വാസമായി നിലവിലുള്ള വീടിന്റെ വാതിലുകളും ജനലുകളും പുനഃസ്ഥാപിച്ച് മേൽക്കൂര നിർമ്മിക്കുമെന്നും പ്ലംബിംഗ്, വയറിംഗ് പണികൾ നടത്തി കൊടുക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. പ്രാരംഭ നടപടികൾ എന്ന നിലയിൽ ബാങ്ക് പ്രസിഡന്റ് എ.എം. റൈസ്, മുൻ പ്രസിഡന്റ് വിജയൻ, മുരളി ,വെഞ്ഞാറമൂട് ജനമൈത്രി പൊലീസ് എന്നിവർ പത്മാവതി അമ്മയുടെ വീട് സന്ദർശിക്കുകയും. പല വ്യജ്ഞനങ്ങളും, പച്ചക്കറികളും ഉൾപ്പെടെ ആവശ്യ സാധനങ്ങൾ എത്തിക്കുകയും ചെയ്തു.