വർക്കല: വർക്കലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കനത്ത സുരക്ഷാക്രമീകരണങ്ങളും ജാഗ്രതയും അനുബന്ധ നടപടികളും സ്വീകരിക്കുന്നതിനായി വെള്ളിയാഴാഴ്ച വർക്കല നഗരസഭാ ഹാളിൽ അഡ്വ: വി. ജോയി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. വർക്കല നഗരസഭയിലെ രഘുനാഥപുരത്ത് 17 ാം വാർഡിൽ താമസിക്കുന്ന 43 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരുടെയും നേരിട്ട് ബന്ധമുള്ളവരുടെയും ലിസ്റ്റ് ആരോഗ്യവകുപ്പ് പ്രവർത്തകർ ശേഖരിച്ചശേഷം റൂട്ട് മാപ്പ് തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി. ഇയാളുടെ ഭാര്യയെയും 10,13,15 വയസുള്ള മൂന്ന് മക്കളുടെ രക്തസാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കും. രഘുനാഥപുരത്ത് ഇവർ താമസിച്ചിരുന്ന വീടിനു സമീപത്തെ ഇരുപതോളം കുട്ടികളുമായി രോഗം കണ്ടെത്തിയ ആളുടെ മക്കൾ കളികളിലേർപ്പെട്ടതായി വിവരം ലഭിച്ചതിനാൽ ഇവരെയും നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇയാളുടെ വീട്ടിൽ താമസിച്ചുവന്ന ഭാര്യാസഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മൂന്ന് വയസുള്ള കുട്ടിയെയും പരിശോധനയ്ക്ക് വിധേയമാക്കും. ഇവർ ഇപ്പോൾ മേൽവെട്ടൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് താമസം. വാഹനപരിശോധന കർശനമാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. വർക്കല ഹോസ്പിറ്റൽ, പൊലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങൾ ഫയർഫോഴ്സ് അണുവിമുക്തമാക്കും. മേഖലയിലെ എല്ലാ ഏരിയകളിലും അനൗൺസ്മെന്റ് നടത്താനും തീരുമാനിച്ചു. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്കുകൾ ധരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. വർക്കല പുത്തൻചന്തയിലെ രണ്ടു പ്രധാന സൂപ്പർ മാർക്കറ്റുകളിൽ കൊവിഡ് ബാധിച്ച വ്യക്തി സമ്പർക്കം നടത്തിയതായി വിവരം ലഭിച്ചതിനാൽ ഇവിടം അണുവിമുക്തമാക്കാനും ജീവനക്കാർ മാസ്കും കൈയുറകളും ധരിക്കുന്നത് ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. വർക്കല നഗരസഭയിലെ 16,17 വാർഡുകളും വെട്ടൂട പഞ്ചായത്തിലെ 1,2 വാർഡുകളും കർശന നിയന്ത്രണത്തിലായിരിക്കും. വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ അനീജോ, തഹസിൽദാർ വിനോദ് രാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു, വർക്കല പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.