milan

റോം: ഇറ്റലി മിലാനിലെ മുസോക്കോ നഗരത്തിലെ ഒരു സെമിത്തേരി. സംസ്കരിച്ച് അധികനേരം തോന്നാത്ത ചെറു കുഴിമാടങ്ങൾ ഇവിടെ കാണാം. അവ വളരെ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. മരിച്ചവരുടെ പേരെഴുതിയ കോൺക്രീറ്റ് സ്ലാബുകളോ പൂക്കളോ ഒന്നും ഇവിടെ കാണാനില്ല. പകരം ഓരോ കുഴിമാടത്തിന് മുകളിലും വെളുത്ത ചെറിയ കുരിശ് രൂപങ്ങൾ കാണാം. കൊവിഡ് ഇറ്റലിയിൽ വിതച്ച ദുരന്തത്തിന്റെ ബാക്കിപത്രങ്ങളിൽ ഒന്നാണ് ഈ കുഴിമാടങ്ങൾ. മിലാനിൽ ബന്ധുക്കളൊന്നും ഏറ്റുവാങ്ങാനില്ലാതെ പോയ ഡസൻ കണക്കിന് അജ്ഞാത മൃതദേഹങ്ങളാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. 61 പേരുടെ മൃതദേഹങ്ങളാണ് മുസോക്കോയിലെ സെമിത്തേരിയിൽ സംസ്കരിച്ചിരിക്കുന്നത്.

ലൊംബാർഡിയിലെ മരണസംഖ്യ നിയന്ത്രണാതീതമായി ഉയർന്നതോടെ മോർച്ചറികളും ശ്മശാനങ്ങളുമെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. ഇതേ തുടർന്ന് അജ്ഞാത മൃതദേഹങ്ങൾ 30 ദിവസത്തിന് പകരം 5 ദിവസം വരെ മാത്രം സൂക്ഷിച്ചാൽ മതിയെന്ന് മിലാനിലെ അധികൃതർ തീരുമാനിച്ചിരുന്നു. ഇവിടെ ഇപ്പോൾ സംസ്കരിച്ചിരിക്കുന്ന 61 പേരിൽ ചിലരുടെ ശരിക്കുമുള്ള പേര് പോലും അധികൃതർക്ക് അറിയില്ല. ഇവരെ അജ്ഞാത മൃതദേഹങ്ങളെന്ന് മുദ്രകുത്തിയാണ് ഇവിടെ സംസ്കരിച്ചിരിക്കുന്നെങ്കിലും അധികൃതരുടെയെല്ലാം ഉള്ളിൽ അതിന്റെ നീറ്റലുണ്ട്. കാരണം ഇവരെല്ലാവരും ഉറ്റവരോ ഉടയവരോ ഇല്ലാത്തവർ ആണെന്ന് പറയാനാകില്ല. മൃതദേഹം അഞ്ച് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാതെ സംസ്കരിക്കുന്നതിനാൽ ഒരു പക്ഷേ, ഇവരുടെ ബന്ധുക്കൾക്ക് മൃതദേഹം ഏറ്റുവാങ്ങാൻ എത്താൻ സാധിക്കാതെ പോയതാകാം. ഒരു പക്ഷേ, ലോക്ക് ഡൗണായതിനാൽ അവർക്ക് വരാൻ സാധിക്കാത്തതാകാം അല്ലെങ്കിൽ ഏതെങ്കിലും ആശുപത്രിയിൽ അവരും ചികിത്സയിലായിരിക്കാം. എവിടെയെങ്കിലും ഇവരുടെ പ്രിയപ്പെട്ടവർ കാണാം. അഞ്ച് ദിവസത്തിനുള്ളിൽ ആരും അന്വേഷിച്ച് വരാത്ത സാഹചര്യത്തിലാണ് അധികൃതർ ഓരോ മൃതദേഹവും ഇവിടെ മറവ് ചെയ്യുന്നത്. ഇനി ഒരു പക്ഷേ, ആരെങ്കിലും അന്വേഷിച്ചു വരികയാണെങ്കിൽ രണ്ട് വർഷങ്ങൾക്ക് ശേഷം അവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം ഇവിടെ നിന്നും മാറ്റാവുന്നതാണെന്ന് മിലാനിലെ ഡെപ്യൂട്ടി മേയറായ റോബർട്ട കൊക്കോ പറയുന്നു.

milan

ഇത്തരത്തിൽ ബന്ധുക്കളാരും അവകാശപ്പെടാനില്ലാത്ത 600 ഓളം മൃതദേഹങ്ങളാണ് ലൊംബാർഡിയിലുള്ളത്. ഈ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി അധികൃതർ മറ്റ് സ്ഥലങ്ങൾ കണ്ടെത്തേണ്ടതുണ്ട്. കൊവിഡ് ഏറ്റവും നാശം വിതച്ച ലൊംബാർഡി മേഖലയുടെ തലസ്ഥാനമാണ് മിലാൻ. ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ പകുതിയിലേറെയും ലൊംബാർഡിയിൽ നിന്നാണ്. 13,000ത്തോളം പേരാണ് ലൊംബാർഡിയിൽ മാത്രം മരിച്ചത്.

അതേസമയം, ഇറ്റലിയിലെ ആകെ കൊവിഡ് മരണസംഖ്യ 25,500 കടന്നു. കഴിഞ്ഞ ദിവസം 2,646 പുതിയ കൊവിഡ് കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,000ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ലൊംബാർഡിയിലാണ്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,89,973 ആയി. 464 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 25,549 ആയി ഉയർന്നു.