fg

വർക്കല: ദീർഘനാളായി രോഗശയ്യയിൽ കഴിയുന്ന ഭർത്താവിന് താങ്ങായിരുന്ന ഗൃഹനാഥ കൂടി മാരകരോഗത്തിന് കീഴടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഒരു കുടുംബം. വർക്കല ചെമ്മരുതി വലിയവിള സരസ്വതിവിലാസത്തിൽ രതിയാണ് സ്തനാർബുദത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന ജയകുമാർ (46) കഴിഞ്ഞ നാലുവർഷമായി പാർക്കിൻസൻസ് രോഗത്തിന്റെ പിടിയിലാണ്. ഭർത്താവിന്റെ മരുന്ന്, 16 ഉം 14 ഉം വയസുള്ള പെൺകുട്ടികളുടെ പഠനം ,വീട്ടുചെലവ് തുടങ്ങി ജീവിതഭാരം മുഴുവനും രതിയുടെ ചുമലിലായിരുന്നു. കശുവണ്ടി തൊഴിലാളിയായ രതി തന്റെ ചെറിയ വരുമാനത്തിലൂടെയാണ് ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആ വരുമാനവും നിലച്ചു. തുടർന്ന് കൂലിപ്പണിയും മറ്റും ചെയ്താണ് കുടുംബം പുലർത്തിവന്നത്. ഇതിനിടെ ചുമട് എടുക്കവേ മാറിന്റെ ഭാഗത്ത് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതോടെ കഴിഞ്ഞ തിങ്കളാഴ്ച ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയുമായിരുന്നു. വർക്കല താലൂക്കാശുപത്രിയിലാണ് രോഗനിർണയം നടത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബുധനാഴ്ച അടിയന്തര ശസ്ത്രക്രിയയിലൂടെ ഇടതുസ്തനം നീക്കംചെയ്തു. കൂടുതൽ രോഗവ്യാപ്തി അറിയുന്നതിനുള്ള പരിശോധനകൾ നടത്തി വരികയാണ്. ദീർഘകാലമായി മാറിൽ തടിപ്പുണ്ടായിരുന്നെങ്കിലും വേദനയില്ലാത്തതു കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണവും രതി ചികിത്സയ്ക്ക് മുതിർന്നിരുന്നില്ല. രോഗം മൂർച്ഛിച്ച വേളയിൽ പോലും ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. കുടുംബത്തിന്റെ ദയനീയ സ്ഥിതി ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വോളണ്ടിയറും ഹെൽത്ത് ഇൻസ്പെക്ടറുമായ കെ.ആർ.ഗോപകുമാർ പൊതു സമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചു. ഇതറിഞ്ഞ് വർക്കല ബ്ലോക്ക് പഞ്ചായത്തംഗവും അയൽവാസിയുമായ വി.ശശീന്ദ്ര, പ്രദീപ്, സുരേഷ്. വി, ഭാസ്കരപിള്ള എം.മുരളി എന്നിവർ ചേർന്ന് പ്രദേശവാസികളിൽ നിന്ന് സ്വരൂപിച്ച 55000 രൂപ ഉപയോഗിച്ചാണ് ഇതുവരെയുള്ള ചികിത്സകൾ നടത്തിയത്. ഈ ലോക്ക് ഡൗൺ കാലത്ത് ഇത്രയും തുക സമാഹരിക്കാൻ കഴിഞ്ഞത് സുമനസുകളായ അയൽവാസികളുടെ കാര്യണ്യം കൊണ്ടു മാത്രമാണെന്ന് ബ്ളോക്ക് പഞ്ചായത്തംഗം ശശീന്ദ്രയും സഹപ്രവർത്തകരും പറയുന്നു. രതിയുടെ തുടർചികിത്സക്കും നന്മ വറ്റാത്ത കരങ്ങൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ നിർധന കുടുംബം.