venuji

വക്കം: വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജിക്ക് ലോക്ക് ഡൗൺ കാലത്തും തിരക്കിന് യാതൊരു കുറവുമില്ല. പഞ്ചായത്തിന്റെ 14 വാർഡുകളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കണം. പിന്നെ പഞ്ചായത്ത് ഓഫീസ്, അതുകഴിഞ്ഞ് വക്കം ഗവൺമെന്റ് സ്കൂളിലെ കമ്മ്യൂണിറ്റി കിച്ചണിന്റെ മേൽനോട്ടവും. തിരക്കിനിടയിലും വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ജൈവ പച്ചക്കറി കൃഷിക്കും സമയം കണ്ടെത്തുന്നു. തക്കാളി, കത്തിരി, വഴുതന, പയർ, വെണ്ട, ചീര, വിവിധയിനം മുളകുകൾ, ക്വാളിഫ്ലവർ, കാബേജ്, പാഷൻ ഫ്രൂട്ട്, മട്ടി, ചെങ്കദളിയടക്കമുള്ള വിവിധയിനം വാഴകൾ, പിന്നെ മത്സ്യക്കൂട് കൃഷിയും. പുലർച്ചേ തോട്ടത്തിലെത്തുന്ന വേണുജിയെ സഹായിക്കാൻ ഭാര്യ പ്രസന്നയും ഐ.ടി പ്രൊഫഷണലായ മകൾ അജനയുമുണ്ട്. ഇവർക്ക് കൃഷി ഇന്ന് പ്രഭാത സവാരിയും ഒപ്പം വിനോദവുമാണ്. എല്ലാവരും ഒരുമിച്ചാണ് ചെടികളെ പരിചരിക്കുന്നത്. വിളവെടുപ്പിന് സഹായിയായി ചെറുമകൻ അഥിനും കൂടും. ബംഗളൂരുവിൽ ജോലിയുള്ള അജനയ്ക്ക് ലോക്ക് ഡൗൺ കാലം പുതുമയുള്ളതായി മാറി എന്നാണാഭിപ്രായം. ശീതകാല പച്ചക്കറിയായ കോളിഫ്ലവർ പൂത്തത് കണ്ടപ്പോൾ വേണുജിക്ക് സന്തോഷം ഏറെ. കൃഷി വളർന്നതോടെയാണ് പുരയിടത്തോട് ചേർന്നുള്ള കായലിൽ കൂട് മത്സ്യക്കൃഷി ആരംഭിച്ചത്. മത്സ്യഫെഡിന്റെ സഹകരണത്തോടെ പത്ത് കൂടുകളിലായി രണ്ടായിരത്തോളം കരിമീനുകളാണ് വളർത്തുന്നത്. ഒരു മാസം കഴിയുമ്പോൾ വിളവെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് വേണുജി. എന്നാൽ പുരയിടത്തിലെ പച്ചക്കറി പോലെ മത്സ്യത്തിന്റെ വളർച്ച കായലിൽ നേരിട്ട് കാണാൻ കഴിയില്ലെന്ന പരിഭവവും വേണുജി മറച്ചുവയ്ക്കുന്നില്ല.