കിളിമാനൂർ: നട്ടെല്ലൊടിഞ്ഞ് ചെറുകിട വ്യവസായം. സ്ഥാപനത്തിന്റെ മാസവാടകയും ഇലക്ട്രിസിറ്റി ബില്ലും ബാങ്ക് ലോണും പിന്നെ സ്ഥാപനം നടത്തുന്നതിന്റെതായ ചിലവുകൾ ഒക്കെ ആയി നട്ടം തിരിയുന്ന വ്യാപാരികൾക്ക് ഇരുട്ടടിയായി എത്തിയതായിരുന്നു ലോക്ക് ഡൗണും.
ഒരു ദിവസം അടച്ചിട്ടാൽ പോലും അന്നത്തെ ചിലവുകൾ കണ്ടെത്താൻ പാട്പ്പെടുന്ന ഒരായിരം കച്ചവടക്കാരുണ്ട്. ഒരു രൂപയുടെ വരുമാനം ഇല്ലാഞ്ഞിട്ട് പോലും കൂടെ നിൽക്കുന്ന സ്റ്റാഫിന്റെ സാലറി കൊടുക്കാതിരിക്കാൻ ഇവർക്ക് മനസ് വരുന്നില്ല. മറ്റുള്ളവരുടെ മുന്നിൽ മുതലാളിമാരാണെങ്കിലും ജീവിക്കാനുള്ള തന്ത്രപ്പാടിലാണ് പലരും.
വില്പന നികുതി, ആദായ നികുതി അങ്ങനെ പലതരം നികുതികൾ സർക്കാരിലേക്ക് മുടക്കമില്ലാതെ നൽകി നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറയ്ക്ക് കരുത്ത് പകരുന്നവരും ഇവരാണ്. കക്ഷി- രാഷ്ട്രീയ, ജാതി-മത ഭേദമന്യേ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും ഇലക്‌ഷൻ വന്നാലും പിരിവ് എന്ന പേരിൽ സമൂഹത്തിൽ ഏറ്റവും ആദ്യം നോട്ടപ്പുള്ളികളും ഇവരാണ്. കൈയയച്ച് സംഭാവനകൾ നൽകാനും ഇവർ തയ്യാറാണ്.
എന്നാൽ ഇവരിൽ പലരും ഇന്ന് സ്വന്തം നിലനിൽപ്പിന് വേണ്ടി പൊരുതുകയാണ്. ഇവരിൽ 90% പേരുടെയും വീടിന്റെ ആധാരം ഏതെങ്കിലും ബാങ്കിൽ ജാമ്യമായി ഇരിക്കുകയാണ്. വ്യാപാര സംബന്ധമായ ആവശ്യങ്ങൾക്ക് നിയമാനുസൃതം ലഭിക്കേണ്ട അനുമതികൾക്ക് വേണ്ടി ഇവർ പലപ്പോഴും പല സർക്കാർ ഓഫീസുകളിലും മാസങ്ങൾ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്.
കടക്കെണിയിൽ ആയിക്കൊണ്ടിരിക്കുന്ന തങ്ങളെ നിലനിറുത്താൻ ഒരു പാക്കേജെങ്കിലും പ്രഖ്യാപിക്കണം എന്നാണ് ഇവരുടെ ആവശ്യം. അല്ലെങ്കിൽ കൊവിഡ് കാലം കഴിയുന്നതോടെ പലർക്കും കടക്കെണിമൂലം ആത്മഹത്യയേ വഴിയുള്ളു എന്നാണ് ഇവർ പറയുന്നത്.