1

കാഞ്ഞിരംകുളം: കോവളം - കാരോട് ബൈപാസിൽ കല്ലുമല പാലം നിർമ്മിക്കാനായി ഉയരത്തിൽ കൂട്ടിയിട്ടിരുന്ന മൺകൂനകൾ ഇടിഞ്ഞ് ആറ് വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം പെയ്‌ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. മഴവെള്ളപ്പാച്ചിലിൽ മൺകൂനകൾ തകർന്നതോടെ ആശങ്കയിലായ വീട്ടുകാർ സമീപത്തെ വീടുകളിലേക്കും രണ്ടാം നിലയിലേക്കും ഓടിക്കയറി. പ്രദേശത്തെ രാജന്റെ വീടിനും ചായക്കടയ്ക്കും, സുധാ ഡേവിഡ്സന്റെ വീടിനും നാശനഷ്ടമുണ്ടായി. രാജനെയും കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചു. വീടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾക്കും സാരമായ കേടുപാടുണ്ട്. പ്രദേശത്തെ കിണറുകളിൽ ചെളിവെള്ളം നിറയുകയും, കൃഷി നശിക്കുകയും ചെയ്‌തു. ബൈപാസിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് മണ്ണിടിച്ചിലിന് കാരണമെന്ന് കഴക്കൂട്ടം - കാരോട് ബൈപാസ് ആക്ഷൻ കൗൺസിൽ ചെയർമാൻ വി. സുധാകരനും വൈസ് പ്രസിഡന്റ് വി.എസ്. രജീഷും പറഞ്ഞു. ഇത്തരം പ്രദേശങ്ങളിൽ ബൈപാസിനോട് ചേർന്നുള്ള വീടുകൾക്ക് സംരക്ഷണഭിത്തി നിർമ്മിക്കണം. പാലത്തിന്റെ നിർമ്മാണത്തിനായി സമീപ പ്രദേശത്തെ ഇറിഗേഷൻ കനാലുകൾ മൂടിയതും കല്ലുമല പാലത്തിന്റെ അടിയിലൂടെ മഴവെള്ളം കടന്നുപോകാൻ വ്യാസം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചതും പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.