വെഞ്ഞാറമൂട്: വർഷങ്ങൾക്ക് മുൻപ് ആധാർ കാർഡിൽ വിരലടയാളം പതിപ്പിക്കാനായി ചെന്ന കശുവണ്ടി സ്ത്രീ തൊഴിലാളികളുടെ മുന്നിൽ ഉദ്യോഗസ്ഥർ വലഞ്ഞു. പല സ്ത്രീകളുടെയും വിരൽ മുദ്ര സ്കാനറിൽ പതിയുന്നില്ല. കശുഅണ്ടിക്കറ പുരണ്ടനിലയിലായിരുന്നു ആ വിരലറ്റങ്ങൾ. ഫാക്ടറികൾ അടച്ചുപൂട്ടുന്നതോടുകൂടി ഇവരുടെ ദുരിതം ഇരട്ടിയാവുകയാണ് പതിവ്.

ഒരുവർഷത്തിൽ 100 ൽ അധികം തൊഴിൽ ദിനങ്ങൾ സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന ഇവർക്ക് കിട്ടാറില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടുകൂടി കശുഅണ്ടി ഫാക്ടറികൾക്ക് താഴിട്ടതോടുകൂടി തൊഴിലാളികൾ പട്ടിണിയിലായി.

തുച്ഛമായ വേതനത്തിലാണ് സ്വകാര്യ ഫാക്ടറികളിൽ തൊഴിലാളികൾ പണിയെടുക്കുന്നത്. മിനിമം വേജസിൽ ഏറ്റവും കുറഞ്ഞ കൂലിയാണ് കശുഅണ്ടി തൊഴിലാളികൾക്കുള്ളത്. കയറ്റുമതി ചെയ്യുന്ന കശുഅണ്ടി അന്യരാജ്യങ്ങളിൽ വൻ വിലയിൽ വിറ്റഴിക്കപ്പെടുമ്പോൾ ഇവിടെ തൊഴിലാളികൾ അർദ്ധപട്ടിണിയിൽ ദിനങ്ങൾ കഴിച്ചുകൂട്ടുന്നു.

വർഷങ്ങളായി തോടുതല്ലി നടുവേദനയും, കൂനും, ഗർഭാശയ രോഗങ്ങളും ബാധിച്ച് വാർദ്ധ്യക കാലം ദുരിതപൂർണമായ അനേകം സ്ത്രീകൾ ജില്ലയിലുണ്ട്. തൊഴിലാളികൾക്ക് പറയാനുള്ളത് തുച്ഛമായ വരുമാനമായതിനാൽ ഇവർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചാണ്. ലോക്ക് ‌ഡൗൺ വന്നതോടെ തങ്ങൾ കൂടുതൽ ദുരിതത്തിലായെന്ന് തൊഴിലാളികൾ പറയുന്നു.