കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ റംസാൻ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികൾക്ക് നോമ്പു കഞ്ഞിയും ഈന്തപ്പഴം ഉൾപ്പെടെയുള്ള പഴവർഗ്ഗങ്ങളും വീട്ടിലെത്തിച്ചു. നിലവിൽ നൽകി വരുന്ന ഭക്ഷണപ്പൊതികൾ കൂടാതെയാണ് ദുരിതമനുഭവിക്കുന്ന വിശ്വാസികൾക്ക് വീടുകളിൽ നോമ്പുതുറ ഒരുക്കിയത്. സർക്കാർ മതനേതാക്കളുമായുണ്ടാക്കിയ ധാരണയനുസരിച്ച് ജമാ അത്തുകളിലും തയ്ക്കാവുകളിലും നടന്നുവന്നിരുന്ന സാമൂഹിക നോമ്പുതറ നിറുത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാവായിക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ ദൗത്യം ഏറ്റെടുത്തതെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. തമ്പി പറഞ്ഞു. ആദ്യ ദിവസത്തേക്കുള്ള ഈന്തപ്പഴം, പഴം, തണ്ണിമത്തൻ തുടങ്ങിയവ നാവായിക്കുളം വലിയ പള്ളി ജമാഅത്ത് കമ്മിറ്റി സംഭാവനയായി നൽകി. പഞ്ചായത്തിലെ 250 വീടുകളിലാണ് നോമ്പുതുറ കിറ്റ് എത്തിച്ചത്.