കഴക്കൂട്ടം: കൊവിഡ് ആശങ്കകൾക്കിടെ കുടിവെള്ളവും കിട്ടാതായതോടെ പാച്ചിറ പാണ്ടിവിളയിലെ ജനങ്ങൾ ദുരിതത്തിൽ. ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ ഈ ഭാഗത്തെ പൈപ്പുകളിൽ കുടിവെള്ളമില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പിൻ ചുവട്ടിൽ കുടിവെള്ളവും പ്രതീക്ഷിച്ച് രാവിലെ മുതൽ ബക്കറ്റുകൾ കൊണ്ടുവയ്‌ക്കുമെങ്കിലും യാതൊരു പ്രയോജനവുമില്ല. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ ആനതാഴ്‌ചിറ, അയിലംകടവ് പദ്ധതികളിൽ നിന്നാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. സമീപത്തെ പൊതുകിണർ വറ്റിയതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. കുടിവെള്ളത്തിന്റെ കാര്യം അന്വേഷിക്കുന്ന വാർഡ് അംഗം രമേശനോട് ഉടൻ ശരിയാക്കാമെന്നാണ് വാട്ടർ അതോറിട്ടിയുടെ മറുപടി. കുടിവെള്ളമെത്തിക്കാൻ വാട്ടർഅതോറിട്ടി അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.