നെയ്റോബി : ഒട്ടകങ്ങളെ കൊന്ന സിംഹങ്ങളെ കൊല്ലാനൊരുക്കിയ കെണിയിൽ ജീവൻ നഷ്ടപ്പെട്ടത് കഴുകൻമാർ ഉൾപ്പെടെ വംശനാശം നേരിടുന്ന ഒരു കൂട്ടം ജീവികൾക്ക്. മദ്ധ്യ കെനിയയിലെ ലൈകിപിയ കൗണ്ടിയിലെ റുമുറുറ്റിയിലാണ് സംഭവം. വനത്തോട് ചേർന്ന് കന്നുകാലികളെ വളർത്തിയും കൃഷിചെയ്തും ജീവിക്കുന്നവർ താമസിക്കുന്ന പ്രദേശമാണ് റുമുറുറ്റി. ഇവിടെ നിന്നും കഴിഞ്ഞ നാല് ദിവസങ്ങൾക്ക് മുമ്പ് രണ്ട് ഒട്ടകങ്ങളെ കാണാതായിരുന്നു. സമീപത്ത് നിന്നും സിംഹത്തിന്റെ കാല്‌പാടുകളും കണ്ടെത്തിയിരുന്നു. പിന്നീട് തെരച്ചിലിനൊടുവിൽ ഒട്ടകങ്ങളെ സിംഹം കടിച്ചുകൊന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ കുപിതനായ ഒട്ടകങ്ങളുടെ ഉടമ സിംഹങ്ങളോട് പ്രതികാരം ചെയ്യാനായി ചത്ത ഒട്ടകത്തിന്റെ മാംസത്തിൽ തന്നെ വിഷം ചേർത്ത് കാട്ടിലുപേക്ഷിക്കുകയായിരുന്നു. എന്നാൽ 11 കഴുകൻമാർ, 7 പരുന്തുകൾ, ഒരു കുറുക്കൻ എന്നിവയാണ് ഈ മാംസം കഴിച്ച് ചത്തത്.
ഇവയെല്ലാം തന്നെ കെനിയയിൽ കണ്ടുവരുന്ന അപൂർവ സ്പീഷീസിൽപ്പെട്ടതും വംശനാശഭീഷണി നേരിടുന്നവയുമാണ്. കെനിയ വൈൽഡ്‌ലൈഫ് സർവീസാണ് വനത്തിനുള്ളിൽ ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒട്ടക ഉടമയുടെ പ്രതികാര കഥ പുറത്ത് വരുന്നത്. ഇയാളെ പൊലീസ് പിടികൂടി. ഇതാദ്യമായല്ല ഇവിടെ ഇത്തരത്തിൽ മാംസത്തിൽ വിഷം ചേർത്ത് വന്യമൃഗങ്ങളെ കൊല്ലാൻ ശ്രമിക്കുന്നത്.
വന്യമൃഗങ്ങൾ കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും കൊല്ലുന്നത് പ്രദേശത്ത് പതിവായിട്ടും അധികൃതർ ഇടപെടുന്നില്ലെന്നും തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നില്ലെന്നും അതുകൊണ്ട് മറ്റ് വഴികളൊന്നുമില്ലാതെയാണ് തങ്ങൾ വിഷം നൽകി വന്യമൃഗങ്ങളെ കൊല്ലാൻ നിർബന്ധിതരാകുന്നതെന്ന് ഒരു കൂട്ടം കർഷകർ പരാതിപ്പെട്ടു. ഇവിടെ ഇതേവരെ പത്ത് പശുക്കളെയും നാല് ഒട്ടകങ്ങളെയും ഒരു ആടിനെയുമാണ് വന്യമൃഗങ്ങൾ ആഹാരമാക്കിയത്. വന്യമൃഗങ്ങളുടെ ഉപദ്രവം കൂടിയതോടെ തങ്ങൾ പ്രതിസന്ധിയിലാണെന്ന് ലൈകിപിയയിലെ കർഷകരും കന്നുകാലികളെ വളർത്തുന്നവരും പറയുന്നു. എന്നാൽ ഇവിടുള്ളവർ കാടുകളിൽ ഉപേക്ഷിക്കുന്ന വിഷം ചേർത്ത മാംസം ആഹാരമാക്കുന്നത് വഴി സിംഹങ്ങളെ കൂടാതെ വനത്തിൽ ജീവിക്കുന്ന കഴുകൻ, പരുന്ത്, കുറുക്കൻ ഉൾപ്പെടെയുള്ള നിരവധി ജീവജാലങ്ങൾ ചത്തുവീഴുന്നു. ഈ പ്രവൃത്തി മൂലം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇവിടെ കഴുകൻമാരുടെ എണ്ണം ഗണ്യമായ കുറഞ്ഞ് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.