തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആശുപത്രി ഡേറ്ര കൈകാര്യം ചെയ്യാനായി സംസ്ഥാന സർക്കാർ മൂന്നു വർഷം മുമ്പേ പദ്ധതി തുടങ്ങിയെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല. ഇത് ഫലപ്രദമായി നടന്നിരുന്നെങ്കിൽ കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ ഡേറ്രകളുടെ വിശകലനത്തിനായി അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിനെ ആശ്രയിക്കേണ്ടി വരില്ലായിരുന്നു. മൂന്നുകോടി പേരുടെ ഡേറ്ര കൈകാര്യം ചെയ്യാൻ കഴിയുന്ന ക്ലൗഡ് അടിസ്ഥാനപ്പെടുത്തിയ സോഫ്റ്ര് വെയർആയിരുന്നു ആലോചിച്ചിരുന്നത്. ഇ-ഹെൽത്ത് എന്ന പേരിലുള്ള ഈ പദ്ധതി കേരള ഹെൽത്ത് സർവീസ് ഡയറക്ടറേറ്ര് ആണ് കൈകാര്യം ചെയ്തിരുന്നത്. ഡോ.രാജീവ് സദാനന്ദൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരിക്കേയാണ് ഇ-ഹെൽത്ത് പദ്ധതി തുടങ്ങിയത്. കേരളത്തിലെ മൂന്നേകാൽ ജനങ്ങളുടെയും ഇലക്ട്രോണിക് ഹെൽത്ത് റെക്കോഡ് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം . ഇതിനായി ഡേറ്ര ശേഖരിക്കുകയായിരുന്നു ആദ്യം ചെയ്തത് . 45കോടി രൂപയോളമാണ് ഈ പദ്ധതിക്കായി ചെലവിട്ടത്. രണ്ടുകോടിയോളം പേരുടെ വിവരങ്ങൾ ജെ.പി.എച്ച്.എൻ തുടങ്ങിയ ആരോഗ്യ പ്രവർത്തകർ വഴി ശേഖരിച്ചു. ഓരോരുത്തരുടെയും വിവരങ്ങൾ അവരവരുടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിരുന്നു. തുടർന്ന് ഒരാൾ ഡോക്ടർമാരുമായി നടത്തുന്ന എല്ലാ കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ കൂടി ഇയാളെക്കുറിച്ചുള്ള വിവരശേഖരണത്തിലേക്ക് മാറ്രും. രോഗമുണ്ടെങ്കിൽ അതിനുള്ള മരുന്ന് നിർണയിച്ചു നൽകുന്നതു ടെസ്റ്രുകളും ഇയാളുടെ രേഖയിൽ പെടുത്തും.രോഗിയുടെ വിവരങ്ങൾ ഇലക്ട്രോണിക് ഫോർമാറ്രിൽ തന്നെ ലാബിലേക്കും ഫാർമസിയിലേക്കും പോകും. ഇതെല്ലാം ക്ലൗഡിലെ രോഗിയുടെ വിവരശേഖരത്തിലേക്കും പോകും. മൂന്നു മാസത്തിനുള്ളിൽ വീണ്ടും ടെസ്റ്ര് നടത്താൻ രോഗിക്ക് ഫോൺ സന്ദേശം ചെയ്യും. 30 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഡയബറ്രിസ്, ഹൈപ്പർടെൻഷൻ എന്നിവ ഉണ്ടോ പരിശോധിക്കുന്ന മറ്രൊരു വിവര ശേഖരണവും തുടങ്ങിയിരുന്നു. സ്റ്രേറ്ര് ഡാറ്ര് സെന്ററിൽ തന്നെയായിരുന്നു ഇതെല്ലാം ശേഖരിച്ചിരുന്നത്. ഡാറ്രയിൽ ഉൾപ്പെട്ട രോഗി എതെങ്കിലും ആശുപത്രിയിൽ ചെല്ലുമ്പോൾ ബയോമെട്രിക് പരിശോധന കഴിഞ്ഞ ഉടൻ ക്ലൗഡിൽ നിന്ന് ഡോക്ടറുടെ കമ്പ്യൂട്ടറിൽ രോഗിയുടെ ഇതുവരെയുള്ള രോഗവിവരങ്ങൾ കിട്ടുമായിരുന്നു. പുതുക്കിയ വിവരങ്ങളെല്ലാം വീണ്ടും ക്ലൗഡിലേക്ക് കൈമാറും .രോഗങ്ങളെക്കുറിച്ചുള്ള സാമൂഹ്യ വിശകലനങ്ങൾക്ക് കൂടി ഇത് പ്രയോജനപ്പെടുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും പേരൂർക്കട ആശുപത്രിയിലും ഈ സംവിധാനം തുടങ്ങിയിരുന്നു. സാംക്രമിക രോഗ ബാധയുണ്ടാവുകയാണെങ്കിൽ അതിനെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഉപകരണമാക്കി ഈ വിവരത്തെ മാറ്രാൻ കഴിയുമായിരുന്നു.