ആറ്റിങ്ങൽ: ലോക്ക് ഡൗണിൽ വിരസത മാറ്റാൻ എന്തു ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് ഏഴാം ക്ലാസുകാരിയുടെ മനസ്സിൽ വർണ കടലാസുകൾ തെളിഞ്ഞത്. മുൻപ് യൂ ടൂബ് നോക്കി ചില പേപ്പർ ക്രാഫ്റ്റുകൾ ചെയ്ത പരിചയത്തിന്റെയും ബാപ്പയുടെ സഹായത്തിന്റെയും അടിസ്ഥാനത്തിൽ ചെയ്ത ക്രാഫ്റ്റ് വർക്കുകളാണിന്ന് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.
മാമം നൂറുൽ ഹുദ വീട്ടിൽ എം. ഷൂജയുടെയും സൈനയുടെയും മകളും അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഫാത്തിമയാണ് വർണ കടലാസ് ക്രാഫ്റ്റിൽ സ്റ്റാറായിരിക്കുന്നത്. തന്റെ കരവിരുതുകൾ വാട്സ് ആപ്പിലൂടെയും യൂ ടൂബിലൂടെയും കൂട്ടുകാരിൽ എത്തിച്ചതോടെയാണ് ഫാത്തിമ ശ്രദ്ധേയമായത്.
റംസാനെ വരവേൽക്കാൻ സ്വന്തമായി നിർമ്മിച്ച പേപ്പർ ക്രാഫ്റ്റുകൾ വീടിന്റെ ചുവരുകളിൽ പതിപ്പിച്ച് മോടി കൂട്ടുന്ന തിരക്കിലാണിപ്പോൾ ഫാത്തിമ.
ബാപ്പ ഷൂജയാണ് ഫാത്തിമയ്ക്ക് പിന്തുണ നൽകുന്നത്. ന്യൂസ് പേപ്പറിലാണ് ഫാത്തിമ ആദ്യം ക്രാഫ്റ്റ് വർക്കുകൾ തുടങ്ങിയത്. ന്യൂസ് പേപ്പറിൽ ചായം തേച്ച് മനോഹരമാക്കി പൂക്കളും മറ്റും നിർമ്മിക്കുന്നത് കണ്ട് ഷൂജ വർണക്കടലാസിൽ വർക്ക് ചെയ്യാൻ പ്രേരണ നൽകി. ലോക്ക് ഡൗണായതിനാൽ കടകളിൽ നിന്നും വർണക്കടലാസ് ലഭിക്കാത്തതിനാൽ സുഹൃത്തുക്കളുടെ കടകളിൽ നിന്നും ഷൂജ വർണ്ണ കടലാസ് സംഘടിപ്പിച്ച് നൽകുകയായിരുന്നു. അതോടെ ഫാത്തിമയ്ക്കും സന്തോഷമായി. അങ്ങനെ 15 മനോഹര പേപ്പർ ക്രാഫ്റ്റുകൾ ഫാത്തിമയുടെ കരവിരുതിൽ പിറവിയെടുത്തു. അഞ്ചാം ക്ലാസുകാരനായ സഹോദരൻ നബീലും ചേച്ചിക്ക് സഹായിയായി കൂടെയുണ്ട്.