തിരുവനന്തപുരം: നഗരസഭയിലെ അമ്പലത്തറ, കളിപ്പാംകുളം വാർഡുകളൊഴികെ മറ്റ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. നഗരസഭാ പരിധിയിൽ ഇന്ന് മുതൽ അമ്പലത്തറ, കളിപ്പാംകുളം വാർഡുകൾ മാത്രമായിരിക്കും ഹോട്ട് സ്പോട്ടുകൾ. നഗരസഭകളിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച വാർഡൊഴിച്ച് മറ്റ് പ്രദേശങ്ങളിൽ ഇളവുകൾ അനുവദിക്കാമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. മറ്റ് പ്രദേശങ്ങളെ ലിസ്റ്റിൽ നിന്നൊഴിവാക്കാനാവശ്യപ്പെട്ട് സർക്കാരിന് ജില്ലാ ഭരണകൂടം ശുപാർശ നൽകിയിരുന്നു. അതേസമയം ഈ രണ്ട് വാർഡുകളിലും കർശന നിയന്ത്രണം തുടരുമെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. മറ്റ് പ്രദേശങ്ങളിൽ ഓറഞ്ച് കാറ്റഗറിയിലുള്ള പ്രദേശങ്ങൾക്കുള്ള ഇളവുകൾ ലഭിക്കും.
രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുടെ പ്രദേശത്ത് ഇത്തരത്തിൽ നിയന്ത്രണമേർപ്പെടുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ അധികാരമുപയോഗിച്ചാണ് ഇരുവാർഡുകളിലും കളക്ടർ നിയന്ത്രണമേർപ്പെടുത്തിയത്. അമ്പലത്തറ, കളിപ്പാംകുളം വാർഡുകളിൽ പ്രവേശിക്കുന്നതിനും ഇവിടെ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അതിർത്തി പ്രദേശങ്ങളിൽ പൊലീസ് പരിശോധനകൾ കർശനമാക്കും. നഗരസഭാ പരിധിയിൽ മണക്കാട് സ്വദേശി മാത്രമാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. വർക്കലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഏഴു പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലാ അതിർത്തിയിലും സംസ്ഥാന അതിർത്തിയിലും സർക്കാർ മാർഗനിർദ്ദേശങ്ങളനുസരിച്ചുള്ള നിയന്ത്രണം ശക്തമായി തുടരുമെന്നു കളക്ടർ പറഞ്ഞു.