തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ വരുമാനം നഷ്ടമായി ദാരിദ്രത്തിന്റെ വക്കിലാണ് സ്റ്റാൾ, എക്സിബിഷൻ നടത്തി വരുമാനം കണ്ടെത്തിയിരുന്നവർ. വേനലവധിക്കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടനകളുടെയും, വിവിധ മാദ്ധ്യമ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ എക്സിബിഷനുകൾ നടത്തി വന്നതിനിടയ്ക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതോടെ എക്സിബിഷനേയും സ്റ്റാളുകളേയും ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവർ, അലങ്കാര മത്സ്യങ്ങളെയും പക്ഷികളെയും പ്രദർശനത്തിന് എത്തിക്കുന്നവർ, അമ്യൂസ്‌മെന്റ് പാർക്കുകൾ നടത്തുന്നവർ, സെക്യൂരിറ്റി ജീവനക്കാർ, പുഷ്പഫല പ്രദർശനം നടത്തുന്നവർ തുടങ്ങി നിരവധി പേരാണ് നിത്യചെലവുകൾ പോലും വഹിക്കാനാകാതെ ബുദ്ധിമുട്ടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയും, ലൈസൻസ് ഫീസും, ജി.എസ്.ടിയുമെല്ലാം നൽകിയാണ് ഇത്തരം എക്സിബിഷനുകൾ പ്രവർത്തിക്കുന്നത്. പലരും എക്സിബിഷൻ നടത്താനായി വൻതുക ചിലവാക്കി ഷെഡ് അടക്കമുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു അവരും പ്രതിസന്ധിയിലായിരിക്കുകയാണ്. എക്സിബിഷൻ നടത്തുന്നവർക്ക് പ്രതേക സംഘടനകളില്ല. ഇത്തരക്കാരെ സഹായിക്കാനായി സർക്കാർ മുൻകൈയെടുക്കണമെന്ന് ഈ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സുനിൽ, ഷൈജു, പ്രസാദ് കൊല്ലം എന്നിവർ കേരള കൗമുദിയോട് പറഞ്ഞു.