covid19

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട്ടുള്ള ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം ഇന്നലെ 15 പേർ രോഗമുക്തി നേടി. കാസർകോട്ട് അഞ്ചു പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മൂന്ന് പേരുടെ വീതവും കൊല്ലത്ത് ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

ആശുപത്രികളിൽ ചികിത്സയിലുള്ളവർ 116

ഇതുവരെ കൊവിഡ് ബാധിച്ചവർ 450

രോഗമുക്തി നേടിയവർ 331

നിരീക്ഷണത്തിലുള്ളവർ 21,725

ജാഗ്രത കർശനമായി തുടരും

ഊടുവഴികളും കാനന പാതകളും വഴി അതിർത്തി കടന്ന് പലരും എത്താൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത കർശനമായി തുടരും. കർണാടകത്തിലെ കുടകിൽ നിന്ന് കണ്ണൂരിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേരെ പിടികൂടി.

ജീവൻരക്ഷാ മരുന്ന് എത്തിക്കും

ഡയാലിസിസ് ചെയ്യുന്നവർ, അവയവം മാറ്റിവച്ചവർ, അർബുദ രോഗികൾ എന്നിവർക്ക് ജീവൻ രക്ഷാമരുന്നുകൾ തദ്ദേശസ്ഥാപനങ്ങൾ വഴി ലഭ്യമാക്കും. കാരുണ്യ , നീതി മെഡിക്കൽസുകളിൽ നിന്നു മരുന്നു വാങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകി.