തിരുവനന്തപുരം: അടുത്ത മാസം റേഷൻ കടകളിൽ നിന്നും മുൻഗണന വിഭാഗത്തിന് കാർഡ് ഒന്നിന് ഒരു കിലോഗ്രാം കടല കൂടി സൗജന്യമായി വിതരണം ചെയ്യും.പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരമാണ് കടല വിതരണം. പദ്ധതി പ്രകാരം ഇപ്പോൾ വിതരണം ചെയ്യുന്ന ആളൊന്നിന് അഞ്ച് കിലോഗ്രാം അരിക്കൊപ്പം കാർഡൊന്നിന് ഒരു കിലോഗ്രാം പയർ കൂടി വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പയറിന്റെ ലഭ്യതക്കുറവ് കാരണം അരി മാത്രം വിതരണം ചെയ്യുകയായിരുന്നു. പയറിനു പകരം കടല മതിയെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് കേന്ദ്ര സർക്കാരിനെ അറിയിച്ചതിനെ തുടർന്ന് കടല എത്തിക്കുകയായിരുന്നു.
സംസ്ഥാനത്തിന് 4200 ടൺ കടലയാണ് അനുവദിച്ചത്. ആദ്യപടിയായി 2100 ടൺ കടല ഈ മാസം 28ന് എറണാകുളം വല്ലാർപാടം കണ്ടെയിനർ ടെർമിനലിൽ എത്തും. ഇത് തിരുവനന്തപുരം ജില്ലയിൽ നിന്ന് വിതരണം ചെയ്തു തുടങ്ങും. 26 വരെ കേന്ദ്രസർക്കാരിന്റെ അരി വിതരണവും അതിനു ശേഷം 27 മുതൽ മെയ് ഏഴ് വരെ പിങ്ക് കാർഡുകാർ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യജ്ഞന കിറ്റ് വിതരണം നടക്കും.
കേന്ദ്രപദ്ധതി പ്രകാരം സംസ്ഥാനത്തിന് പയർ ലഭ്യമായില്ലെന്ന് 17ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു