high-court-

തിരുവനന്തപുരം: വാളയാറിൽ ഒമ്പതും പതിമൂന്നും വയസുള്ള പട്ടികജാതിക്കാരായ സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥനെ ഭാവിയിൽ ഒരു കേസന്വേഷണത്തിനും നിയോഗിക്കരുതെന്നും, തെളിവുകൾ കോടതിയിൽ മറച്ചുവച്ച പ്രോസിക്യൂട്ടർമാരെ ഇനി പ്രോസിക്യൂട്ടർമാരാക്കരുതെന്നും പി.കെ.ഹനീഫ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകി.

കേസ് ആദ്യം അന്വേഷിച്ച എസ്.ഐ പി.സി ചാക്കോ ഗുരുതര കൃത്യവിലോപം കാട്ടി. മൂത്ത പെൺകുട്ടി മരിച്ച് 51 ദിവസം കഴിഞ്ഞാണ് ഇളയ കുട്ടി മരിച്ചത്. ഇത്രയും ദിവസത്തിനിടെ ഇളയ കുട്ടിയുടെ മൊഴിയെടുത്തില്ല. ഈ കുട്ടിക്ക് സഹോദരിയുടെ മരണത്തിലെ നിർണായക വിവരങ്ങൾ അറിയാമെന്നും മൊഴിയെടുക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നതാണ്. പ്രതികളിൽ രണ്ടു പേർ മൂത്ത മകളെ പീഡനത്തിനിരയാക്കിയത് കണ്ടെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞെങ്കിലും, വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ആ മൊഴി രേഖപ്പെടുത്തിയില്ല. പ്രതികളുടെ കുറ്റസമ്മതത്തെ തുടർന്നാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നെങ്കിലും അറസ്റ്റിന് മുമ്പ് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയില്ല. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതി ധരിച്ചെന്ന് പറയുന്ന വസ്ത്രങ്ങൾ കണ്ടെടുത്തെങ്കിലും ശാസ്ത്രീയ പരിശോധനാ തെളിവ് കോടതിയിലെത്തിയില്ല.

ഒരു പ്രതി മൊബൈൽ ഫോണിൽ നഗ്നചിത്രമെടുക്കാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടെന്ന് സാക്ഷി കോടതിയിൽ പറഞ്ഞെങ്കിലും ഇക്കാര്യം പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലില്ല. സി.ഐ പ്രേമാനന്ദ കൃഷ്‌ണൻ അന്വേഷണമേറ്റെടുത്തെങ്കിലും മൂന്നു ദിവസം മാത്രമേ നീണ്ടുള്ളൂ. പിന്നീട് ഡിവൈ.എസ്.പി സോജന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ച് 90 ദിവസത്തിനകം കുറ്റപത്രം നൽകിയത്. പ്രതികൾ പെൺകുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ തീയതി തെറ്റിച്ചത് കേസ് ദുർബലമാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജും വീഴ്ച വരുത്തി. പൊലീസ് കണ്ടെത്തിയ തെളിവുകൾ പ്രോസിക്യൂട്ടർ കോടതിയിൽ അവതരിപ്പിച്ചില്ല. ഇവരെ ഒരു കേസിലും സർക്കാരിന്റെ പ്രോസിക്യൂട്ടറായി പരിഗണിക്കരുതെന്നും കമ്മിഷൻ ശുപാർശ ചെയ്തു.

ലതാ ജയരാജിനെ മാറ്റി പിന്നീട് പി.സുബ്രഹ്മണ്യനെ പ്രോസിക്യൂട്ടറാക്കിയിരുന്നു. നാല് പ്രതികൾക്കതിരെ കുറ്റപത്രം നൽകിയെങ്കിലും തെളിവില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.