പാറശാല: ഭരണ പ്രതിപക്ഷ അംഗങ്ങളുടെ തർക്കത്തെ തുടർന്ന് കാരോട് ഗ്രാമപഞ്ചായത്തിൽ ഇന്നലെ ചേർന്ന അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം അലസിപ്പിരിഞ്ഞു. കമ്മ്യൂണിറ്റി കിച്ചണിലെ ഭക്ഷണവിതരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12ന് പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനും ആംബുലൻസ് ഡ്രൈവറുമായ വിഷ്ണുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അംഗമായ ആഗ്നസ് എന്ന മെമ്പറെ ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചതായുള്ള സംഭവത്തിനെതിരെ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നാണ്‌ കമ്മിറ്റി വിളിച്ചത്. എന്നാൽ ഇന്നലത്തെ അജണ്ടയനുസരിച്ച് സർക്കാർ ഉത്തരവ് പ്രകാരം കൊവിഡ് പ്രതിരോധത്തിന്റെ അവലോകനം ഒന്നാമത്തെ വിഷയമായി എടുത്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. എന്നാൽ സർക്കാർ നിർദ്ദേശപ്രാകാരവും മാനദണ്ഡങ്ങൾ പാലിച്ചു നടന്ന യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ആരോഗ്യവകുപ്പ് അധികൃതരെ പ്രതിപക്ഷാംഗങ്ങൾ ചേർന്ന് തടയുകയായിരുന്നു. മാത്രമല്ല പ്രസിഡന്റിനെതിരെ അസഭ്യം പറഞ്ഞുകൊണ്ട് കമ്മിറ്റി തടസപ്പെടുത്തിയത് കാരണം യോഗം പിരിച്ചു വിടുകയായിരുന്നു. വാക്കേറ്റങ്ങൾക്കിടെ കോൺഗ്രസ് വാർഡ് മെമ്പറായ ധനേഷിനെ സി.പി.എം അംഗമായ അജീഷ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതാണ് സംഭവങ്ങൾ വഷളാക്കിയതെന്നാണ് കോൺഗ്രസ് അംഗങ്ങൾ പറയുന്നത്. തനിക്കെതിരെ ഉണ്ടായ കൈയേറ്റ ശ്രമങ്ങൾക്കെതിരെ പ്രസിഡന്റ് സൗമ്യ ഉദയനും കോൺഗ്രസ് അംഗങ്ങൾക്ക് നേരെ ഉണ്ടായ കൈയേറ്റ ശ്രമങ്ങൾക്കെതിരെ പ്രതിപക്ഷ അംഗങ്ങളും പൊഴിയൂർ സ്റ്റേഷനിൽ പരാതി നൽകി.