വിതുര: മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന കല്ലാർ വറ്റിയതോടെ പ്രദേശം കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലായി. പ്രദേശത്തെ നീരുറവകളും നീർചാലുകളും ഇതിമോടകം വറ്റിക്കഴിഞ്ഞു. ഒപ്പം പ്രദേശത്തെ കിണറുകളും. നിലവിൽ വെറും ചാലുപോലെയാണ് കല്ലാർ ഒഴുകുന്നത്. നദിയുടെ ഒഴുക്ക് കുറഞ്ഞതോടെ നദീതീരവും മലിനമാകുന്നുണ്ട്.
നദിയോടുള്ള അമിതമായ ചൂഷണം കാരണമാണ് നദി ഇത്തരത്തിൽ വറ്റുന്നതെന്നും മഴക്കാലമാകുമ്പോൾ ഗതിമാറി ഒഴുകുന്നതെന്നും പരാതിഉയരുന്നുണ്ട്. ബോണക്കാട്. പൊണമുടി മലനിരകളിൽ നിന്നും ഉത്ഭവിച്ച് കല്ലാറിലേക്ക് ഒഴുകിയെത്തുന്ന പല ചെറുനദികളും ഇതിനകം അപ്രത്യക്ഷമായി. കല്ലാറിൽ നീരോഴുക്ക് കുറഞ്ഞതോടെ പമ്പ്ഹൗസുകളുടെ പ്രവർത്തനവും അവതാളത്തിലായി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് ആഴ്ചകൾ ഏറെയായി. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കുടിനീരിനായി നെട്ടോട്ടമോടുകയാണ്. ഈ പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇതുവരെ പൈപ്പ് ലൈൻ എത്തിയിട്ടുമില്ല. ആകെയുള്ള പൈപ്പിൽ വെള്ളം വരാറുമില്ല. ജലക്ഷാമം രൂക്ഷമായതോടെ സമീപത്തെ നദികളിൽ നിന്നും മറ്റും കിലോമീറ്ററുകൾ നടന്നാണ് വെള്ളം ശേഖരിക്കുന്നത്. ഇപ്പോൾ കല്ലാർ മലിനമായതോടെ നാവ് നനയ്ക്കാൻ വെള്ളത്തിനായി ജനം പരക്കം പായുകയാണ്.
സാധാരണ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷം ആകുമ്പോൾ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിക്കാറുണ്ട്. എന്നാൽ ഇക്കുറി അതുണ്ടായില്ല. ജനം ശുദ്ധജലത്തിനായി പരക്കം പാഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്ത അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കല്ലാർ നദിയെ അമിതമായി ചൂഷണം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും കല്ലാർ എക്സ് സർവീസ് മെൻസ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.