ചിറയിൻകീഴ്: കൊവിഡ് 19 പ്രതിരോധത്തിനായി ചിറയിൻകീഴ് മണ്ഡലത്തിലെ എല്ലാ പി.എച്ച്.സികളെയും ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ഭരണാനുമതി. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ജില്ലാ മെഡിക്കൽ ഓഫീസർ മുഖേന സമ‌ർപ്പിച്ച പ്രോജക്ടിനാണ് അംഗീകാരം ലഭിച്ചത്. 50,33,826 ലക്ഷം രൂപ ഉപയോഗിച്ച് കീഴാറ്റിങ്ങൽ, മുദാക്കൽ, മംഗലപുരം, അഞ്ചുതെങ്ങ്, പെരുമാതുറ, പുതുക്കുറിച്ചി, കിഴുവിലം, അഴൂർ പി.എച്ച്.സികളാണ് ആധുനീകരിക്കുന്നത്. കൊവിഡ് 19 വ്യാപനമുണ്ടായാൽ തടയുന്നതിനാവശ്യമായ ഉപകരങ്ങളാണ് എത്തിക്കുന്നത്. ഓരോ പി.എച്ച്.സികളിലും മോണിറ്റർ സ്റ്റാന്റ്, ക്രാഷ് കാർട്ട്, എൻ 95 മാസ്‌ക്, ഫെയ്‌സ് മാസ്‌ക് ത്രീലെയർ, തെർമ്മോ മീറ്റർ, നോൺ കോൺടാക്ട് ഇൻഫ്രാറെഡ്, നെബുലൈസർ, നെബുലൈസർ ഡിജിറ്റൽ, നെബുലൈസേഷൻ മാസ്ക്, ഓക്‌സിജൻ കോൺസൺട്രേറ്റർ, ബി.പി അപ്പാരറ്റസ് ഡിജിറ്റൽ, ഗ്ലൗസ് സ്റ്റർലൈസർ, റെഫ്രിജറേറ്റർ, ബെഡ്ഷീറ്റ്, വെർട്ടിക്കൽ ആട്ടോക്ലേവ്, എയർ കണ്ടിഷണർ, മെഡിസിൻ ട്രോളി, അയൺ കോട്ട് എന്നിവ എത്തിക്കും. ഭരണാനുമതി ലഭിച്ചതിനാൽ തുടർ നടപടി വേഗത്തിലാക്കി മെഡിക്കൽ ഉപകരണങ്ങൾ പി.എച്ച്.സികളിൽ എത്തിക്കുമെന്ന് ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി അറിയിച്ചു.