salary

തിരുവനന്തപുരം: പ്രതിമാസം സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം മാറ്റിവയ്ക്കുന്നു എന്നു പറഞ്ഞാൽ അതു തിരിച്ചുകൊടുക്കുമെന്നാണ് അർത്ഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സാലറി കട്ട് സംബന്ധിച്ച ഉത്തരവിൽ പിടിക്കുന്ന തുക പിന്നീട് തിരിച്ചുനൽകുമെന്ന വ്യവസ്ഥ ഇല്ലെന്ന് വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മാറ്റിവയ്ക്കലിന്റെ അർത്ഥം മനസ്സിലാവാതെയാണ് ചോദിക്കുന്നത്. ആറ് ദിവസത്തെ വീതം പിടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പറയുന്നവരുണ്ട്. ഒരുമിച്ച് വേതനം കൈമാറുമ്പോൾ ആദായനികുതി ഇളവ് കിട്ടും. മറ്റേതിന് കിട്ടില്ല. ഏതായാലും തീരുമാനിച്ചിരിക്കുന്നത് ആറ് ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനാണ്. തൽക്കാലം ഇതേയുള്ളൂവെന്ന് ആശ്വസിക്കാം.

ഗൾഫിൽ നിന്ന് എത്രപേർ മടങ്ങിയെത്തിയാലും അവരെ സംരക്ഷിക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. അതിനുള്ള എല്ലാ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. അവർക്കെല്ലാം ഒരുപോലെ അവകാശപ്പെട്ടതാണ് നാട്. ഇപ്പോൾ അവർ ഒരു സാഹചര്യത്തിൽ പെട്ടുപോയതുകൊണ്ട് വരരുതെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.