തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 179 പേർക്കെതിരെയും നിരോധനം ലംഘിച്ച് അനാവശ്യ യാത്രചെയ്ത 231 പേർക്കെതിരെയും സിറ്റി പൊലീസ് കേസെടുത്തു. 84 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. നഗരാതിർത്തി പ്രദേശങ്ങൾ പൂർണമായും അടച്ചുകൊണ്ടുള്ള പരിശോധനശക്തമായി തുടരുകയാണ്. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കുലംഘനം നടത്തിയ 201 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. അനാവശ്യയാത്ര ചെയ്ത 30 പേർക്കെതിരെയും കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. വലിയതുറ, ഫോർട്ട്, കോവളം സ്‌റ്റേഷനുകളിലാണ് കൂടുതൽ കേസെടുത്തത്.
72 ഇരുചക്ര വാഹനങ്ങളും 7 ആട്ടോറിക്ഷകളും 4 കാറുകളും ഒരു ലോറിയുമാണ് പിടിച്ചെടുത്തത്. സിറ്റി പൊലീസിന്റെ 'റോഡ് വിജിൽ ആപ്പ്' വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകൾ നടത്തിയ കൂടുതൽ പേരും പിടിയിലായത്. തിരുവനന്തപുരം നഗരം ഹോട്ട്സ്‌പോട്ട് ആയതിനാൽ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും ആറ് പോയിന്റുകൾ നിശ്ചയിച്ചിട്ടുണ്ട്. മണ്ണന്തല മരുതൂർ, കഴക്കൂട്ടം വെട്ടുറോഡ്, പേരൂർക്കട വഴയില, കുണ്ടമൺകടവ്, പ്രാവച്ചമ്പലം, വിഴിഞ്ഞം മുക്കോല എന്നീ സ്ഥലങ്ങളിലെ അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ വഴിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.