തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ആർ.സി.സിയുടെ നേതൃത്വത്തിൽ കാൻസർ ചികിത്സാ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തമിഴ്‌നാട് സർക്കാരിന്റെ സഹകരണത്തോടെ കന്യാകുമാരി ജില്ലാ ആശുപത്രിയെയാണ് കാൻസർ ചികിത്സാകേന്ദ്രമാക്കുന്നത്. കന്യാകുമാരിയിലും സമീപ ജില്ലകളിൽ നിന്നും 560പേരാണ് ആർ.സി.സിയിൽ ചികിത്സയിലുള്ളത്. എന്നാൽ ലോക്ക് ഡൗൺ കാരണം ഇവർക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ്. ആർ.സി.സിയിൽ ചികിത്സയിലുള്ള തമിഴ്‌നാട്ടിലെ രോഗികൾക്കാണ് ഈ സൗകര്യം ലഭിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ആർ.സി.സിയിലെ ഡോക്ടർമാർ ടെലി കോൺഫറൻസ് വഴി രോഗികളുടെ ചികിത്സാവിവരം അവിടുത്തെ ഡോക്ടർമാർക്ക് പറഞ്ഞുകൊടുക്കും. തുടർപരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായ ചികിത്സകൾ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ നൽകാൻ കഴിയും. രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികളെ കൊവിഡ് വൈറസ് ബാധിച്ചാൽ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളിൽ ചികിത്സാ സൗകര്യമൊരുക്കിയത്.