തിരുവനന്തപുരം: സ്പ്രിൻക്ലർ കരാറിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സർക്കാരിനേറ്റ തിരിച്ചടിയാണെന്നും,ഇതിന്റെ അടിസ്ഥാനത്തിൽ കരാറിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയുടെ കാലമായത് കൊണ്ടുമാത്രമാണ് ഇപ്പോൾ കൂടുതൽ നടപടികളിലേക്ക് കോടതി കടക്കാതിരുന്നത്. കരാർ അപ്പാടെ നിയമവിരുദ്ധമാണെന്ന് ബി.ജെ.പി ഉന്നയിച്ച വാദം കോടതി ശരിവച്ചിരിക്കുകയാണ് .കരാറുമായി മുന്നോട്ടു പോകുന്നതിന് ഹൈക്കോടതി ഉപാധികൾ വച്ചതു തന്നെ സർക്കാരിനേറ്റ വലിയ പരാജയമാണ്. രാജ്യാന്തര കരാറായതിനാലാണ് ന്യൂയോർക്കിൽ കേസ് നടത്തണമെന്നത് കരാറിൽ ഉൾപ്പെട്ടതെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചില്ല. ഇത്തരമൊരു കരാറിലേർപ്പെടാൻ അമേരിക്കൻ കമ്പനി മാത്രമേ ഉള്ളോയെന്ന കോടതിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. അഞ്ചു ലക്ഷം പേരുടെ ഡേറ്റ കൈകാര്യം ചെയ്യാൻ സർക്കാരിന് ശേഷിയില്ലേയെന്ന് ചോദിച്ച കോടതി, എന്തു കൊണ്ട് കേന്ദ്ര ഏജൻസികളുടെ സേവനം ഉപയോഗിച്ചില്ലെന്നും ആരാഞ്ഞിട്ടുണ്ട്- സുരേന്ദ്രൻ പറഞ്ഞു.