തിരുവനന്തപുരം: നഗരത്തിന്റെ മാലിന്യകേന്ദ്രമായ എരുമക്കുഴി ഇനി പൂക്കളുടെ നറുമണം പരത്തും. മാലിന്യം കുന്നുകൂടിയിരുന്ന എരുമക്കുഴി വൃത്തിയാക്കി പൂന്തോട്ടം ഒരുക്കുന്നതിനുള്ള നടപടികൾ മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ തുടങ്ങി. ഈ വർഷത്തെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. ചാല കേന്ദ്രീകരിച്ചുള്ള മാലിന്യങ്ങളാണ് എരുമക്കുഴിയിൽ വർഷങ്ങളായി കുന്നുകൂടിയിരുന്നത്. നഗരസഭ ടോട്ടൽ സ്റ്റേഷൻ സർവേ നടത്തിയതനുസരിച്ച് 2388.18 എം.ക്യൂബ് മാലിന്യമാണ് ഏരുമക്കുഴിയിലുള്ളത്. ഒരുമാസത്തിനകം ഇവ പൂർണമായും നീക്കം ചെയ്യും. അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ പാർപ്പിച്ചിട്ടുള്ള അതിഥിതൊഴിലാളികളുടെ സേവനവും ഇതിനായി ഉപയോഗിക്കുന്നുണ്ട്. 40 പേരാണ് ശുചീകരണത്തിന് രംഗത്തുള്ളത്. മാലിന്യം ഇളക്കിമാറ്റുന്നതിനായി നഗരസഭയുടെ ജെ.സി.ബിയും ഉപയോഗിക്കും. സ്‌മാർട്ട്സിറ്റി പദ്ധതിക്ക് കീഴിലായി പാളയത്തുള്ള മാലിന്യങ്ങൾ ബയോമൈനിംഗ് നടത്താൻ ടെൻഡർ ലഭിച്ചിട്ടുണ്ടെന്നും. ഈ ജോലികൾ അടുത്തുതന്നെ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയർ പറഞ്ഞു.
മാലിന്യം കിലോ 10 രൂപയ്ക്ക് നൽകും
എരുമക്കുഴിയിലെ മാലിന്യം വേർതിരിച്ച് വൃത്തിയാക്കി കിലോയ്ക്ക് 10രൂപ എന്ന നിരക്കിൽ ക്ലീൻ കേരള കമ്പനിക്ക് നൽകിയാണ് മാലിന്യം നീക്കം ചെയ്യുന്നത്. പുനരുപയോഗത്തിന് സാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക് കവറുകൾ, ചെരുപ്പുകൾ, മറ്റ് വസ്‌തുക്കൾ എന്നിവയാണ് വൃത്തിയാക്കി കൈമാറുക. ഇവന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കും. ബിയർ ബോട്ടിലുകൾ, ചില്ലുകുപ്പികൾ എന്നിവ കിലോയ്ക്ക് ഒരു രൂപ നഗരസഭയ്ക്ക് ലഭിക്കുന്ന രീതിയിൽ കരാർ കമ്പനികൾക്ക് നൽകും.
ഒരുമാസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്യും. ലാൻഡ്സ്‌കേപ്പ്
ഉൾപ്പെടെയുള്ള പൂന്തോട്ടമൊരുക്കാണ് ലക്ഷ്യം
കെ. ശ്രീകുമാർ, മേയർ