jacob

തിരുവനന്തപുരം: മുതിർന്ന ഡി.ജി.പിയും മുൻ വിജിലൻസ് ഡയറക്ടറുമായ ഡോ.ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് സമർപ്പിച്ച എഫ്‌.ഐ.ആർ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു.

തമിഴ്നാട്ടിലെ വിരുദുനഗറിൽ വാങ്ങിയ ഭൂമി സർക്കാർ രേഖകളിൽ ജേക്കബ് തോമസ് വെളിപ്പെടുത്തിയില്ലെന്നാണ് കേസ്. നിലവിൽ മെ​റ്റൽ ഇൻഡസ്ട്റീസസ് ലിമി​റ്റഡ് എം..ഡിയായ ജേക്കബ് തോമസ്, 2001 നവംബർ 15ന് തമിഴ്നാട്ടിലെ രാജപാളയത്ത് രണ്ട് വിൽപ്പന കരാറുകളിലായി 50.33 ഏക്കർ ഭൂമി വാങ്ങിയിരുന്നു. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ ഇക്കാര്യം മറച്ചുവച്ചെന്നും ഈ വസ്തു അനധികൃതമായി സമ്പാദിച്ചതാണെന്നുമാണ് ആരോപണം. ഈ ഭൂമിയെക്കുറിച്ചുള്ള വിവരം ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്കത്തിൽ അദ്ദേഹം പരാമർശിച്ചിരുന്നു. ഈ ഭൂമി ബിനാമി സ്വത്തായി കണക്കാക്കി ക്രൈംബ്രാഞ്ച് കഴിഞ്ഞ ശനിയാഴ്ച കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് വിജിലൻസിന് കൈമാറാനാണ് ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടത്.