പാറശാല: വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ മൂന്ന് വയസുകാരനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷിച്ചു. പൊഴിയൂർ പ്ലാങ്കാലവിള വീട്ടിൽ ക്രിസ്റ്റഫർ-ലിനി ദമ്പതികളുടെ മകൻ ലിവാനോ ആണ് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കാൽ വഴുതി 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുട്ടികളുടെ വിളികേട്ട് രക്ഷകർത്താക്കൾ ഓടി എത്തിയപ്പോഴേക്കും കിണറ്റിനുള്ളിൽ സ്ഥാപിച്ചിരുന്ന മൊട്ടോറിന്റെ പൈപ്പിൽ പിടിച്ച് നിൽക്കുന്ന കുട്ടിയെ ആണ് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പൂവാറിൽ നിന്ന് എത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ആറു മണിയോടെ കുട്ടിയെ കരക്കെത്തിച്ചു. തുടർന്ന് പൊഴിയൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.