തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള തടസങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ഇക്കാര്യം ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉണ്ടാവുമെന്നും മുരളീധരൻ പറഞ്ഞു. നേരത്തെ യാത്രാ വിമാനങ്ങളിലാണ് പ്രവാസികളുടെ മൃതദേഹങ്ങൾ കൊണ്ടുവന്നിരുന്നത്. അന്ന് സിവിൽ ഏവിയേഷൻ, വിദേശകാര്യ മന്ത്രാലയങ്ങളുടെ ഇടപെടലുകൾ മാത്രം മതിയായിരുന്നു. ഇപ്പോൾ ചരക്കുവിമാനങ്ങളിലാണ് മൃതദേഹം കൊണ്ടുവരുന്നത്. ചരക്കുവിമാനത്തിൽ മൃതദേഹം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമം ഇതുവരെ തയ്യാറാക്കിയിട്ടില്ല. മലയാളി പ്രവാസികളെ കൊണ്ടുവരാൻ കേരളത്തിൽ തയ്യാറെടുപ്പുകളായെന്ന മുഖ്യമന്ത്രിയുടെ വാദം വിലയ്ക്കെടുക്കുകയാണ്. മലയാളികളെ മാത്രമായി വിദേശത്തു നിന്ന് കൊണ്ടുവരുന്നതിൽ പ്രശ്നമുണ്ട്. ഇതു സംബന്ധിച്ച തയ്യാറെടുപ്പുകൾ നടത്തി വിവരമറിയിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരൻ അറിയിച്ചു.