തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടത്തിൽ സർക്കാരിനും സി.പി.എമ്മിനും ആശ്വസിക്കാൻ വക നൽകുന്നതാണ് സ്പ്രിൻക്ലർ ഇടപാടിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതേ സമയം,കരാറുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിലുയർന്ന അസുഖകരമായ ചോദ്യങ്ങൾ കോടതിയിൽ നിന്നും ഉണ്ടായെന്നത് പ്രതിപക്ഷത്തിന് രാഷ്ട്രീയമായി ലഭിച്ച മൂർച്ചയേറിയ ആയുധവുമായി വിശേഷിച്ച്, കൊവിഡാനന്തര കാലം തിരഞ്ഞെടുപ്പുകളുടേത് കൂടിയാവുമ്പോൾ,
സർക്കാരിന് കോടതി നൽകിയിരിക്കുന്നത് കൊവിഡ് സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിന്റെ ആനുകൂല്യം മാത്രമാണെന്നാണ് പ്രതിപക്ഷ വ്യാഖ്യാനം. ബാക്കിയെല്ലാം തിരിച്ചടിയാണെന്നും. ഡേറ്റാ സുരക്ഷ ഉറപ്പാക്കണം, വിവരശേഖരണത്തിന് വ്യക്തിയുടെ മുൻകൂർ സമ്മതം വാങ്ങണം, സർക്കാരിന്റെ ചിഹ്നങ്ങൾ കമ്പനിയുടെ പ്രചാരണത്തിന് പറ്റില്ല, ശേഖരിച്ച ഡേറ്റ മറ്റാർക്കും കൈമാറരുത് എന്നീ വ്യവസ്ഥകൾ മാരകസ്വഭാവമുള്ളതാണ്. അത് തങ്ങൾ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്നും പ്രതിപക്ഷം വാദിക്കുന്നു...
എന്നാൽ, സ്പ്രിൻക്ലർ ഇടപാടിനെ അസാധാരണ കാലത്തെ അസാധാരണ നടപടിയെന്ന് ന്യായീകരിച്ച സി.പി.എം നേതൃത്വത്തിനും സർക്കാരിനും വരുംനാളുകളിൽ അതേ ന്യായീകരണത്തിൽ മുന്നോട്ട് പോകാനുള്ള ശക്തമായ പിടിവള്ളിയാണ് കോടതി നൽകിയിരിക്കുന്നത്. കരാർ റദ്ദാക്കുകയോ, സ്റ്റേ ചെയ്യുകയോ വേണമെന്ന പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യത്തോട് ഹൈക്കോടതി മുഖം തിരിച്ചു. ഇടപാടിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരിട്ട് നൽകിയ ഹർജിയും കോടതി മുഖവിലയ്ക്കെടുത്തില്ല. കരാറിലേർപ്പെട്ട വഴികളിൽ സംശയങ്ങളിലുറച്ച് നിൽക്കുമ്പോഴും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ഹൈക്കോടതി മാനിച്ചുവെന്നതിന്റെ സൂചനയായി ഇടതു വൃത്തങ്ങൾ ഇതിനെ കാണുന്നു. ഡേറ്റാ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് സർക്കാരും സി.പി.എം നേതൃത്വവും കഴിഞ്ഞദിവസവും ആവർത്തിച്ച് പറഞ്ഞത്. അതിനാൽ കോടതി അതെടുത്ത് പറഞ്ഞത് തിരിച്ചടിയാകുന്നില്ല. അന്തിമവിധിക്ക് മൂന്നാഴ്ചത്തെ സാവകാശമുള്ളത് സർക്കാരിന് സ്വന്തം വാദമുഖങ്ങൾ തെളിയിച്ചുകാട്ടാനുള്ള സാവകാശവുമാണ്.
രോഗത്തേക്കാൾ പ്രധാനം വിവരസുരക്ഷയാണെന്ന കോടതിയുടെ നിരീക്ഷണം ഇടതുമുന്നണിയുടെ മുഖം ചുളിപ്പിക്കുന്നതാവാം. അതിലുള്ള രാഷ്ട്രീയനേട്ടം യു.ഡി.എഫിന് മാത്രമാകുന്നത്, ഈ സവിശേഷസാഹചര്യം മുതലെടുക്കാനുള്ള അവസരം തൊഴുത്തിൽക്കുത്തിലൂടെ ബി.ജെ.പി നേതൃത്വം നഷ്ടപ്പെടുത്തിയത് കൊണ്ടുമാണ്. ആരോപണം ആദ്യമുയർത്തിയ പ്രതിപക്ഷനേതാവിനും ചിരിക്കാം.
വിവരശേഖരണത്തിന് അനുമതി : വ്യവസ്ഥ
ഒഴിവാക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി
കൊച്ചി : കൊവിഡ് രോഗികളുടെ ഡേറ്റ ശേഖരണത്തിന് വിവര ദാതാവിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നീക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി, ഐ.ടി സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ചു. ,രേഖകൾ ശേഖരിക്കുന്നതിനെതിരെ വ്യാപക പ്രചാരണത്തിന് ഈ വ്യവസ്ഥ ,ഇടയാക്കുമെന്ന സർക്കാർ അഭിഭാഷകന്റെ വാദവും തള്ളി. 'നിങ്ങളുടെ ഐ.ടി സെക്രട്ടറി സംസാരിക്കുമ്പോൾ ജാഗ്രത കാട്ടണം. നിലവിലെ സ്ഥിതി സർക്കാർ തന്നെയുണ്ടാക്കിയതാണ്'- ഹൈക്കോടതി വാക്കാൽ പറഞ്ഞു.
കേന്ദ്രസഹായം തേടുമോ ?
ഡേറ്റ അനാലിസിസിന് സഹായിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം സ്വീകരിക്കുമോയെന്ന ഡിവിഷൻ ബെഞ്ചിന്റെ ചോദ്യത്തിന് ,സ്പ്രിൻക്ളർ കമ്പനിയുമായുള്ള കരാർ അവസാനിക്കുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കാമെന്ന് അഡി. അഡ്വക്കേറ്റ് ജനറൽ ജി. രവീന്ദ്രനാഥ് മറുപടി നൽകി. ഇന്നലെ ഹർജി വീഡിയോ കോൺഫറൻസ് മുഖേന പരിഗണിക്കുമ്പോൾ അഡി.എജിക്കു പുറമേ, ഐ.ടി വകുപ്പിനുവേണ്ടി സുപ്രീംകോടതി അഭിഭാഷക എൻ.എസ്. നപ്പിനൈയും ഹാജരായി വാദിച്ചിരുന്നു. ചോദ്യങ്ങളുടെ പെരുമഴയാണ് ഇന്നലെ കോടതിയിലുണ്ടായത്. സ്പ്രിൻക്ളർ കമ്പനി ലോകാരോഗ്യ സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും ഇൗ കമ്പനിക്കുവേണ്ടി ഇന്നലെയും ആരും ഹാജരായില്ല. ഇക്കാര്യം കോടതി വ്യക്തമാക്കി. സ്പ്രിൻക്ളർ കമ്പനിയുമായി സർക്കാരുണ്ടാക്കിയ കരാറിനെതിരെ നൽകിയ ഹർജികളും ഇവയിൽ കക്ഷിചേരാൻ നൽകിയ അപേക്ഷകളും ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ,ഇതിലെ കക്ഷികൾക്ക് നോട്ടീസ് നൽകാനും നിർദ്ദേശിച്ചു.