salary

തിരുവനന്തപുരം: കൊവിഡ് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും മാസശമ്പളം 30 ശതമാനം വീതം ഒരു വർഷത്തേക്ക് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സാങ്കേതികക്കുരുക്കിൽ. ഇതുസംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും അങ്ങനെയൊരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി നടപ്പാക്കാനാവാത്ത തീരുമാനമാണിതെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

1951ലെ സാമാജികരുടെ ശമ്പളവും ബത്തകളും അനുവദിക്കൽ നിയമപ്രകാരമാണ് ഇത് നൽകിവരുന്നത്. കാലാകാലങ്ങളിൽ ആനുകൂല്യം പരിഷ്കരിക്കുമ്പോഴെല്ലാം നിയമസഭ ഇതിനായി ഭേദഗതിനിയമം കൊണ്ടുവരാറുണ്ട്. ഇനി 30 ശതമാനം കുറവ് ഒരു വർഷത്തേക്ക് വരുത്തുമ്പോൾ അതിനു ഭേദഗതി നിയമം കൊണ്ടുവരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിയമസഭ ചേരാത്ത സന്ദർഭമായതിനാൽ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരണം.

എം.പിമാരുടെ ശമ്പളവും അലവൻസുകളും ഒരു വർഷത്തേക്ക് 30 ശതമാനം വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോൾ അതിനു പ്രത്യേകം ഓർഡിനൻസ് കൊണ്ടുവരികയുണ്ടായി. അതനുസരിച്ചാണ് കേന്ദ്രസർക്കാർ ശമ്പളവും അലവൻസും വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. കേരളത്തിലും സമാനനടപടി വേണമെന്നാണ് വാദം.

ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കണമെങ്കിൽ മന്ത്രിസഭായോഗം ചേരണം. ഈ മാസം 29നാണ് ഇനി പതിവ് മന്ത്രിസഭ ചേരുക. അതിനുമുമ്പ് ശമ്പള വിതരണ നടപടികളായിക്കഴിയും. അതിനാൽ ഇനി ഓർഡിനൻസ് കൊണ്ടുവന്നാലും അടുത്ത മാസം തൊട്ടേ ശമ്പളം കുറയ്ക്കൽ നടപ്പാക്കാനാവൂ.