തിരുവനന്തപുരം: ഓൺലൈൻ വഴിയും, മദ്യം കിട്ടാതെ വിത്ത്ഡ്രോവൽ സിൻഡ്രോം ഉള്ളവർക്കും ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിലും വെയർഹൗസിലും നിന്ന് മദ്യം വിതരണം ചെയ്യുന്നതിന് അവസരമൊരുക്കുന്ന ചട്ടഭേദഗതി അസാധാരണഗസറ്റിലൂടെ സർക്കാർ പുറത്തിറക്കി.വിജ്ഞാപനത്തിന് മാർച്ച് 30 മുതൽ മുൻകാല പ്രബല്യമുണ്ട്.
വിത്ത്ഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് ബെവ്കോയുടെ വെയർഹൗസിൽ നിന്ന് നിശ്ചിത വ്യവസ്ഥകൾ പ്രകാരം മദ്യം നൽകാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ടി.എൻ. പ്രതാപൻഎം. പി നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചു. നിയമാനുകൂല്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റേ. ഇത് മറികടക്കാനാണ് കോടതി ഉത്തരവിന് ഒരു ദിവസം മുമ്പേ തന്നെ ചട്ടഭേദഗതിക്ക് പ്രാബല്യം നൽകിയത്. ഏപ്രിൽ ഒന്ന് മുതലാണ് സർക്കാരിന്റെ പുതിയ മദ്യനയം പ്രാബല്യത്തിൽ വരാറുള്ളതെന്നതും കണക്കിലെടുത്തിട്ടുണ്ട്.
ഏപ്രിൽ 22ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ബിവറേജസ് കോർപ്പറേഷന്റെ എഫ്.എൽ. 1 ലൈസൻസിയെപ്പോലെ എഫ്. എൽ. 9 ലൈസൻസിക്കും നിയമപരമായ അളവിൽ മദ്യം ചില്ലറ വിൽപന നടത്താം. എഫ്. എൽ. 1 ബെവ്കോ ഒൗട്ട്ലെറ്റും എഫ്. എൽ. 9 വെയർഹൗസുമാണ്. ഇതുവരെ ഗോഡൗണുകളിൽനിന്ന് വ്യക്തികൾക്ക് മദ്യം നൽകാൻ അനുവാദം ഉണ്ടായിരുന്നില്ല.
സംസ്ഥാനത്ത്, എറണാകുളത്ത് രണ്ടും . മറ്റ് ജില്ലകളിൽ ഓരോ ഗോഡൗണുമാണുള്ളത്.
ചട്ടഭേദഗതി വന്നെങ്കിലും നിലവിലെ ലോക്ക് ഡൗൺ സാഹചര്യത്തിൽ ദേശീയ തലത്തിൽ തന്നെ മദ്യ വിൽപ്പന കർശമായി വിലക്കിയിട്ടുണ്ട്.