salary

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പിടിച്ചുവച്ച വിഹിതം കഴിച്ചുള്ള ശമ്പളം നൽകാനും വീണ്ടും കടമെടുക്കണം.
സാധാരണ ഗതിയിൽ ശമ്പളം കൊടുക്കാൻ 2400കോടി രൂപയും പെൻഷനായി 1700 കോടി രൂപയും വേണം. മാറ്റിവയ്ക്കുന്ന ശമ്പളം വഴി പരമാവധി 600 കോടി രൂപയുടെ ബാധ്യത കുറയ്ക്കാം. നേരത്തെ 3000 കോടി രൂപ റിസർവ് ബാങ്ക് വഴി അധിക നിരക്കിൽ കടമെടുത്തിരുന്നു.

മുൻ മാസങ്ങളിൽ സംസ്ഥാന ജി.എസ്.ടിയായി കിട്ടിയിരുന്നത് 800 കോടി രൂപയാണ്. ഇക്കുറികിട്ടിയത് 180 കോടി മാത്രമാണ്. 800-900 കോടി കിട്ടിയിരുന്ന പെട്രോൾ നികുതിയിൽ നിന്ന് ഇക്കുറി 100 കോടി കിട്ടിയാലായി. ബിവറേജസ്,ഭൂമി രജിസ്ട്രേഷൻ, ലോട്ടറി എന്നിവ വഴിയുള്ള വരുമാനവും നിലച്ചു.
കേന്ദ്രസർക്കാരിൽ നിന്ന് റവന്യൂ കമ്മി ഗ്രാന്റായി 1291 കോടി കിട്ടും. ശമ്പളം, പെൻഷൻ എന്നിവയ്ക്കു പുറമേ, പലിശ ഇനത്തിൽ നൽകാനുള്ള തുകകൂടി ചേരുമ്പോൾ 6500 കോടിരൂപയെങ്കിലും വേണം. ലോക്ക് ‌ഡൗണിനെ തുടർന്ന് കിറ്ര് നൽകാനും മറ്രുമായി 1200 കോടി രൂപ വേണം. 280 കോടി രൂപ ഈ വകയിൽ കൊടുക്കാനുണ്ട്.