padmanabha-temple

തിരുവനന്തപുരം: ലോക്ക് ഡൗണിൽ തോവാളയിൽ നിന്നുള്ള പൂക്കളുടെയും തുളസിക്കതിരിന്റെയും വരവ് നിലച്ചതോടെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജകൾക്ക് നാടൻ പൂക്കളും തുളസീവനത്തിൽ നിന്നുള്ള തുളസിയും. താമരപ്പൂവ്, പവിഴമല്ലി, നന്ത്യാർവട്ടം, അരളിപ്പൂവ്, മുല്ല, തുളസി, തെറ്റിപ്പൂക്കളാണ് ഇപ്പോൾ ക്ഷേത്രത്തിൽ ചാ‌ർത്താനുള്ള മാലകൾക്കും അഭിഷേകങ്ങൾക്കും അർച്ചനകൾക്കും ഉപയോഗിക്കുന്നത്. ലോക്ക് ഡൗൺ നടപ്പായശേഷം കരാറുകാരന് തോവാളയിൽ നിന്ന് പൂക്കളെത്തിക്കാൻ കഴിയാതെ വന്നപ്പോൾ വെള്ളായണിയിൽ നിന്നുള്ള അനിൽകുമാറെന്ന ഭക്തൻ അവിടെ നിന്ന് താമരപ്പൂക്കൾ ശേഖരിച്ച് വഴിപാടായി ക്ഷേത്രത്തിൽ സമർപ്പിച്ചു.

എന്നാൽ വെള്ളായണിയിൽ താമരപ്പൂവിന് ക്ഷാമം നേരിട്ടതോടെ ഇത് നിലച്ചു. തുടർന്നാണ് ക്ഷേത്രത്തിന് പരിസരത്തുള്ളഭക്തരും ക്ഷേത്ര ജീവനക്കാരും വീടുകളിൽ നിന്ന് നാടൻ പൂക്കളായ പവിഴമല്ലിയും നന്ത്യാർവട്ടവും മുല്ലയും തെറ്റിയും നടകളിലെത്തിക്കാൻ തുടങ്ങിയത്. കരാറുകാരന് പകരം ക്ഷ്രേത്രജീവനക്കാരും വടക്കേനടയിലെ പൂക്കച്ചവടക്കാരനുമാണ് ഇപ്പോൾ ഭക്തർ സമർപ്പിക്കുന്ന പൂക്കളുപയോഗിച്ച് മാലകൾ കെട്ടി ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്.

ഭക്തരെത്തിക്കുന്ന പൂക്കൾക്ക് പുറമേ മിത്രാനന്ദപുരത്തെ മൂപ്പിൽസാമിയാർ മഠത്തിലും പരിസരത്തുമുള്ള തുളസീവനം ഉദ്യാനങ്ങളിൽനിന്നുള്ള തുളസിക്കതിരും പൂജകൾക്ക് ഉപയോഗിക്കുന്നുണ്ട്. ഇവിടെ നിന്ന് 20 കിലോഗ്രാം തുളസിക്കതിരാണ്‌ ദിവസവും ക്ഷേത്രത്തിലേക്ക്‌ നൽകുന്നത്. ക്ഷേത്രപരിസരത്തും സ്വാമിയാർ മഠം, തന്ത്രി മഠം എന്നിവയുടെ പരിസരത്തും ക്ഷേത്രത്തിനകത്തും കാർഷിക കർമസേനയാണ്‌ തുളസിച്ചെടി നട്ടുപരിപാലിക്കുന്നത്‌. കൃഷ്‌ണതുളസിക്കൊപ്പം രാമതുളസി, നാരങ്ങാതുളസി തുടങ്ങി മുപ്പത്തഞ്ചോളം ഇനം തുളസിച്ചെടികൾ തുളസീവനം പദ്ധതിയുടെ ഭാഗമായി നട്ടുവളർത്തുന്നുണ്ട്‌. ഒരുവർഷം മുമ്പാണ്‌ തുളസീവനം പദ്ധതി തുടങ്ങുന്നത്‌. ഒരുലക്ഷത്തോളം തൈകളാണ് ഇവിടെ നട്ട് പരിപാലിക്കുന്നത്.