munna

പാലോട്: ലോകം ഭീതിയോടെ മാത്രം നാം കേൾക്കുന്ന പേരാണ് കൊവിഡ്. എന്നാൽ പാലോട്ടുകാരുടെ കണ്ണിലുണ്ണിയാണ് മൂന്നാഴ്ച മാത്രം പ്രായമുള്ള കൊവിഡ് മുന്ന 19. പാലോട് സ്വദേശികളും സുഹൃത്തുക്കളുമായ ഷാജിയുടെയും റഫീക്കിന്റെയും കുതിരയായ ഐഷുവിന്റെ മകനാണ് ഈ കുറുമ്പൻ. കഴിഞ്ഞ മൂന്നാഴ്ച മുൻപായിരുന്നു ഐഷുവിന്റെ ആദ്യ പ്രസവം നടന്നത്. നാലു വർഷം മുൻപാണ് ഇവർ പഞ്ചാബിൽ നിന്ന് മേളയ്ക്കെത്തിയ റോക്കിയെന്ന ആൺകുതിരയെയും ബംഗളൂരുവിൽ നിന്ന് ഐഷുവിനെയും വാങ്ങിയത്. ഇവരുടെ പ്രണയ സാഫല്യമാണ് കൊവിഡ് മുന്ന. കൊവിഡ് ഭീതി വിതച്ച ഈ കാലഘട്ടത്തിൽ സന്തോഷവുമായി എത്തിയ കുതിരക്കുട്ടിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പേരിടണം എന്ന ഷാജിയുടെയും റഫീക്കിന്റെയും തീരുമാനമാണ് കൊവിഡ് മുന്ന 19 എന്ന പേരിലേക്ക് എത്തിച്ചേർന്നത്. നാട്ടിൽ ആദ്യമായി പിറന്ന കുതിരക്കുട്ടിയെ കാണാൻ നാട്ടുകാർക്കും കൗതുകമാണ്. ലോകം കൊവിഡിനെ തുരത്തുമെന്ന കാര്യത്തിൽ സംശയമില്ല. അപ്പോഴും പാലോട് എന്ന കൊച്ചുഗ്രാമത്തിലൂടെ ഓട്ടുമണിയും കുലുക്കി കൊവിഡ് മുന്ന കുളമ്പൊച്ചയുമായി ഓടിക്കളിക്കും.