1

പൂവാർ: ലോക്ക് ഡൗൺ ഡ്യൂട്ടിയിലെ പൊലീസുകാർക്കായി ഔഷധ കാപ്പിയും ചായയുമായി നൽകുകയാണ് വിഴിഞ്ഞത്തെ കർമ്മസമിതി അംഗങ്ങൾ. വിഴിഞ്ഞം, പൂവാർ മേഖലയിലെ റോഡുകളിൽ പൊരിവെയിലത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കാണ് വിഴിഞ്ഞം പിറവിളാകം റസിഡൻസ് അസോസിയേഷന്റെ കീഴിലുള്ള കർമ്മസമിതിയിലെ 5 പേർ ദിവസവും രാവിലെയും വൈകിട്ടും ഔഷധ കാപ്പിയും ചായയും എത്തിക്കുന്നത്. ജനതാ കർഫ്യൂ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം മുതൽ റോഡിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാരുടെ നിസഹായവസ്ഥയാണ് ഔഷധ കാപ്പിയും ചായയും വിതരണം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കർമ്മസമിതി അംഗം വിഴിഞ്ഞം ജയകുമാർ പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.ബി. പ്രവീണുമായി സംസാരിച്ച് അനുവാദം വാങ്ങി. രണ്ട് വലിയ കെറ്റിൽ വാടകയ്ക്ക് എടുത്ത് ദിവസവും രാവിലെ 100 ഓളം പേർക്ക് ചായയും വൈകിട്ട് ഓഷധ കാപ്പിയും കൊടുത്തു തുടങ്ങി. രാവിലെ 8 മുതൽ രണ്ട് സ്കൂട്ടറുകളിലായി നാല് പേരടങ്ങുന്ന സംഘം കാപ്പിയുമായി യാത്ര തിരിക്കും. റോഡിലും ജംഗ്‌ഷനിലും ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിതരണം ചെയ്ത ശേഷം സ്റ്റേഷനിലെ പൊലീസുകാർക്കും പ്രതികളുണ്ടെങ്കിൽ അവർക്കും ചായയോ, കാപ്പിയോ നൽകും. വൈകിട്ട് 3 മുതൽ 5 വരെയാണ് ഔഷധ കാപ്പി വിതരണം. വഴിയിൽ വച്ച് പൊലീസ് ജീപ്പ് കണ്ടാൽ തടഞ്ഞു നിറുത്തി ചായയും കാപ്പിയും നൽകും.ദിവസവും 1000ത്തോളം രൂപയാണ് ചെലവ്. ഈ തുക കർമ്മസമിതി അംഗങ്ങൾ സ്വന്തം കൈയിൽ നിന്നും ചെലവാക്കുന്നു. ഇടയ്ക്ക് നാട്ടുകാരിൽ ചിലരും സഹായിക്കും. വിഴിഞ്ഞം ജയകുമാർ, മനു ചന്ദ്രൻ, സന്തോഷ്, ഷെമീൻ, വിനോദ് എന്നിവരാണ് സമിതി അംഗങ്ങൾ. റസിഡൻസിന്റെ കീഴിലെ അത്യാഹിത ഘട്ടത്തിൽ ആരെയും ആശ്രയിക്കാതെ പ്രവർത്തിക്കുന്നവരാണ് കർമ്മസമിതി.