കൊവിഡ് രോഗബാധ തുടങ്ങിയ രാജ്യം ചൈനയാണെന്നത് ലോകം മുഴുവൻ അംഗീകരിച്ചുകഴിഞ്ഞു. രോഗം നൽകിയതിനോടൊപ്പം സാർസ് കോവ് 2 വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ കിറ്റും ചൈന തന്നെയാണ് ഏറിയകൂറും മിക്ക രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്നത്. ബയോകെമിക്കൽ രംഗത്തെ ഇന്ത്യയിലെ പ്രധാന ഏജൻസിയായ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ചൈനയിൽ നിന്ന് 5 ലക്ഷം പരിശോധനാ കിറ്റുകൾ വാങ്ങി. ചില സംസ്ഥാനങ്ങൾ 2 ലക്ഷം കിറ്റുകളും ഇറക്കുമതി ചെയ്തു. കിറ്റുകൾ ഇറക്കുമതി ചെയ്യുന്നതിന് മുമ്പ് പൂനയിലെ ദേശീയ വൈറോളജി ലാബ് പരിശോധിച്ച് കിറ്റുകൾ ഫലപ്രദമാണെന്ന് അംഗീകരിച്ചിരുന്നു. മാർച്ച് 20നാണ് 5 ലക്ഷം കിറ്റുകൾ ഇറക്കുമതി ചെയ്യാൻ വിദേശ മന്ത്രാലയം വോങ്സോ, ലിവ്സൺ ഡയഗ്നോസ്റ്റിക്സ് എന്നീ രണ്ട് ചൈനീസ് കമ്പനികൾക്ക് ലൈസൻസ് നൽകിയത്. ചൈനീസ് പരിശോധനാ കിറ്റിന് 500 രൂപയോളമാണ് വില. ഏഴ് ലക്ഷം കിറ്റ് വാങ്ങുമ്പോൾ 35 കോടി. ഇത് തുടക്കം എന്ന നിലയിലാണ്. ഇത് വിജയിച്ചുകഴിഞ്ഞാൽ ഇന്ത്യയിലേക്ക് എത്ര ലക്ഷം കിറ്റുകൾ വേണമെങ്കിലും വരുത്താം. 35 കോടിയിൽ തുടങ്ങിയത് 3000 കോടി വരെയാകാം. കേന്ദ്രം കേരളത്തിനും അയച്ചുകൊടുത്തു 12,480 ചൈനീസ് കിറ്റുകൾ. എന്നാൽ കിറ്റുകൾക്കെതിരെ പരാതി ഉണ്ടായി. രാജസ്ഥാനാണ് ആദ്യം പരാതി ഉന്നയിച്ചത്. പി.സി.ആർ പരിശോധനയിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ച രോഗികളെ ചൈനീസ് കിറ്റ് ഉപയോഗിച്ച് വീണ്ടും പരിശോധിച്ചപ്പോൾ രോഗം ഇല്ല എന്ന് കാണിക്കുന്ന നെഗറ്റീവ് ഫലമാണ് കിട്ടിയത്. പശ്ചിമബംഗാളും കേരളവും പരാതി പറഞ്ഞു. കേരളം പറഞ്ഞത് രോഗമില്ലാത്തവർക്ക് പോലും രോഗം ഉണ്ട് എന്ന തെറ്റായ ഫലമാണ് ചൈനീസ് കിറ്റ് നൽകുന്നത് എന്നായിരുന്നു. പരാതികൾ വന്നപ്പോൾ ഏപ്രിൽ 21ന് ചൈനീസ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന രണ്ട് ദിവസത്തേക്ക് ഇന്ത്യ ഒട്ടാകെ നിറുത്തിവയ്ക്കാൻ ഐ.സി.എം.ആർ ആവശ്യപ്പെട്ടു. ചൈനീസ് കിറ്റിൽ കുഴപ്പം ഉണ്ടെങ്കിൽ അത് മാറ്റി നൽകാൻ കമ്പനികളോട് ആവശ്യപ്പെടുമെന്നാണ് ഐ.സി.എം.ആർ വക്താവ് ഡോ. ഗംഗഗഡ്കർ ഡൽഹിയിൽ പറഞ്ഞത്. പക്ഷേ നാളിതുവരെ ചൈനീസ് കിറ്റ് ആരും ഉപയോഗിച്ചിട്ടില്ല. എന്നാൽ ആ കരാർ ഇന്ത്യ റദ്ദാക്കിയിട്ടുമില്ല. പകരം ദക്ഷിണ കൊറിയയിൽ നിന്ന് ഐ.സി.എം.ആർ 5 ലക്ഷം കിറ്റ് വാങ്ങി. ഹരിയാനയിലുള്ള ദക്ഷിണ കൊറിയൻ കമ്പനിയുടെ ഫാക്ടറിയിൽ 5 ലക്ഷം കിറ്റുകൾക്ക് കൂടി ഓർഡർ നൽകി. അതേസമയം ഇന്ത്യയിലെ ഏഴ് സ്ഥാപനങ്ങൾ പരിശോധനാ കിറ്റുകൾ നിർമ്മിച്ച് അംഗീകാരത്തിനായി ഐ.സി.എം.ആറിന് സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഏതാണ്ട് ഒരു മാസമായി ഈ കമ്പനികൾ അനുമതിക്കായി കാത്തുനിൽക്കുകയാണ്. എന്തായി അനുമതി വിഷയം എന്ന് കമ്പനികൾ ആരായുമ്പോൾ പൂനയിലെ ലാബിൽ പരിശോധിച്ചുവരികയാണെന്ന മറുപടിയാണ് ഐ.സി.എം.ആർ നൽകുന്നത്. ലോകപ്രശസ്തമായ തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററും കിറ്റുകൾ സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു.
വിദേശ കരാറുകളോടുള്ള പ്രിയം കാരണം ഇവർക്കുള്ള അനുമതികൾ വച്ചു താമസിപ്പിക്കുകയാണോ എന്ന സംശയം ആർക്കും തോന്നാം. ചൈനീസ് കിറ്റുകളുടെ പരിശോധന പാളിയപ്പോൾ ആ സംശയം ബലപ്പെടുകയാണ് ചെയ്യുന്നത്. മേക്ക് ഇൻ ഇന്ത്യയ്ക്ക് പ്രാധാന്യം നൽകണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിക്ക് കീഴിൽ മേക്ക് ഇൻ ചൈനയ്ക്ക് പ്രമുഖ പരിഗണന നൽകുന്നവർ ഉന്നതാധികാര തീരുമാനം എടുക്കുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്.
എന്തായാലും ഏറ്റവും ഒടുവിൽ ഈ ആഴ്ച ഐ.സി.എം.ആർ ഒരു ഇന്ത്യൻ സ്ഥാപനത്തിന് അനുമതി നൽകിയെന്നത് ആശ്വാസകരമാണ്. കൊവിഡ് കണ്ടെത്താൻ ഐ.ഐ.ടി ഡൽഹി വികസിപ്പിച്ച സാങ്കേതിക വിദ്യയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിന് വ്യവസായ പങ്കാളികളെ തേടുകയാണ് ഐ.ഐ.ടിയിലെ കുസുമ സ്കൂൾ ഒഫ് ബയോളജി സയൻസസിലെ ഗവേഷക സംഘം. അതേസമയം അനുമതി കിട്ടിയാൽ ഒരാഴ്ചയ്ക്കുള്ളിൽ അവശ്യാനുസരണം കിറ്റുകൾ നിർമ്മിക്കാമെന്ന് സൂചിപ്പിച്ച ശ്രീചിത്രയെയും മറ്റും ഇനിയും പരിഗണിച്ചിട്ടില്ല. രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ട ഒരു വിഷയമാണിത്. ഐ.സി.എം.ആർ മനപ്പൂർവം അനുമതി വൈകിപ്പിക്കുകയാണോ എന്നത് കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ മോശം കിറ്റുകൾ ചൈനയ്ക്ക് മടക്കി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്വർദ്ധൻ പ്രസ്താവിച്ചു. ചൈനീസ് കമ്പനികൾക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. പണമല്ല ഇവിടെ പ്രശ്നം. ജനങ്ങളുടെ ജീവൻ പണയം വച്ചുള്ള ബിസിനസ് കളി നടന്നിട്ടുണ്ടോ എന്നതാണ് പുറത്തുവരേണ്ടത്. പ്രത്യേകിച്ചും മരണ നിരക്കിന്റെ കാര്യത്തിലും രോഗം തുടങ്ങിയ കാലയളവിന്റെ കാര്യത്തിലും കള്ളമാണ് ചൈന പറയുന്നതെന്ന് ലോകം മുഴുവൻ ഏതാണ്ട് മനസിലാക്കിയ ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ ഘട്ടത്തിൽ ചൈനീസ് കിറ്റുകളിലൂടെ ചതി നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം അധികാരികൾക്കുണ്ട്.