നെയ്യാറ്റിൻകര: അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറി, പലവ്യഞ്ജനം, മരുന്ന്, പച്ചക്കറിവിത്ത് അതിനുള്ള വളം ഏതുമാകട്ടെ വാട്സാപ്പിൽ ഒന്ന് വിളിച്ചാൽ മാത്രം മതി. ഇവ വീട്ടിൽ എത്തും. ഇതിനായി ഒരു വാട്സാപ്പ് വനിതാകൂട്ടായ്മ രംഗത്തുണ്ട്. നെയ്യാറ്റിൻകര താലൂക്കിലെ നെല്ലിമൂട് വനിതാ സഹകരണസംഘം ഭാരവാഹികളും പ്രവർത്തകരുമാണ് കൊവിഡ് കാലത്ത് വാട്സാപ്പ് കൂട്ടായ്മയുമായി രംഗത്തെത്തിയത്. ജീവൻരക്ഷാ മരുന്നും ഭക്ഷണ സാധനങ്ങളും വാങ്ങാൻ കഴിയാതെയും നിരവധിപേരാണ് താലൂക്കിൽ ദുരിതം അനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദുരിതംഅനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി സംഘം രംഗത്തെത്തിയിരിക്കുന്നത്. ഏതാണ്ട് മൂവായിരത്തി അഞ്ഞൂറോളം പേർക്ക് മരുന്ന് ഉൾപ്പടെയുള്ള ആവശ്യ സാധനങ്ങൾ എത്തിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വനിതാ സംഘം കൂട്ടായ്മയുടെയും സഹകരണസംഘം പ്രസിഡന്റുമായ എൻ. ശാന്തകുമാരി പറയുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും ഉപദേശവുമായി സ്ഥലത്തെ സാമൂഹ്യ സേവകനായ നെല്ലിമൂട് പ്രഭാകരനുമുണ്ട്.
ചുവന്ന ചീര, പച്ച ചീര, പച്ച -ചുവന്ന -കൊമ്പൻ വെണ്ട, ചുവന്ന പയർ, വള്ളി പയർ, ചതുര പയർ,മീറ്റർ പയർ, കത്തിരി നീളൻ, കത്തിരി, പാവൽ, മത്തൻ, തക്കാളി, പടവലം, പപ്പായ, ബീൻസ്, സലാഡ് വെള്ളരി, പാലക് ചീര, ബുള്ളറ്റ് മുളക്, മുളക്, കാന്താരി മുളക്, ഉണ്ട മുളക്, മല്ലി, തണ്ണി മത്തൻ, ബീറ്റ്റൂട്ട്, വെള്ളരി, വയലറ്റ് വഴുതന തുടങ്ങിയ എല്ലാ വിധ പച്ചക്കറി വിത്തുകളും ഇവിടെയുണ്ട്. ഫോൺ നമ്പറിൽ വിളിച്ചാൽ നടേണ്ട രീതി പറഞ്ഞു തരും. വിറ്റുകിട്ടിയ തുകയിൽ നിന്നും ഒരു ലക്ഷം രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നൽകി.
സംസ്ഥാനത്തെ ഏറ്റവും മികച്ച വനിത സഹകരണസംഘത്തിനുള്ള 2017-18 നുള്ള അവാർഡും കേന്ദ്ര സർക്കാരിന്റെ അവാർഡും ഈ കൂട്ടായ്മയെ തേടിയെത്തിയിട്ടുണ്ട്.
കോട്ടുകാൽ-ഉച്ചക്കട, കൊടങ്ങാവിള, നെല്ലിമൂട് എന്നീ നീതിസഹകരണ സ്റ്റോറുകളും നെല്ലിമൂട്ടിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽസ്റ്റോറിൽ നിന്നുള്ള സാധാനങ്ങളും വീടുകളിൽ എത്തിക്കുന്നു. 8129271943, 9020212928 എന്നീവാട്ട്സാപ്പ്നമ്പരുകളിലേക്ക് ഒന്നു വിളിക്കുകയേ വേണ്ടൂ......